തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കരടുബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിന്റെ ആദ്യപടിയാണിത്.
നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍വകലാശാല ഭേദഗതി നിയമത്തിന്റെ കരട് അവതരിപ്പിക്കലായിരുന്നു ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ മുഖ്യ അജന്‍ഡ. സാധാരണഗതിയില്‍ കരടുബില്‍, ഗവര്‍ണറുടെ കൂടി അംഗീകാരത്തിന് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവാക്കുന്ന ധനകാര്യ മെമ്മൊറാണ്ടം ബില്ലിന്റെ ഭാഗമായ ബില്ലുകള്‍ ഗവര്‍ണര്‍ക്ക് പോകണം.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ല് പിടിച്ചുവെക്കാനിടയുള്ളതിനാല്‍ ധനകാര്യ മെമ്മൊറാണ്ടം ഒഴിവാക്കിക്കൊണ്ടുള്ള സര്‍വകലാശാല ഭേദഗതി നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പുതിയ സര്‍വകലാശാല ഭേദഗതി പ്രകാരം ചാന്‍സലര്‍ സ്ഥാനത്ത് അതിവിദഗ്ധരായ ആളുകളെ നിയമിക്കും.