KeralaNEWS

പാലക്കാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വീണ്ടും തർക്കവും പ്രതിഷേധവും; വിധി നിർണയത്തിനെതിരെ അധ്യാപകരും രക്ഷാകർത്താക്കളും, പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി

പാലക്കാട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ വിധി നിർണയത്തെ ചൊല്ലി വീണ്ടും തർക്കവും പ്രതിഷേധവും. അധ്യാപകരും രക്ഷാകർത്താക്കളുമാണ് വിധിയിൽ പ്രതിഷേധിച്ചത്. പിന്നാലെ അധ്യാപകരെയും രക്ഷിതാക്കളെയും പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ഭരതനാട്യം ഹൈസ്കൂൾ ഫലത്തെ ചൊല്ലിയാണ് തർക്കം. പരാതി പറയാനെത്തിയ അധ്യാപകരെയും രക്ഷിതാക്കളെയും സംഘാടകർ കയ്യറ്റം ചെയ്തെന്നുമാണ് പരാതി. കലോത്സവത്തിനിടെ മത്സരങ്ങളുടെ ഫലത്തെ ചൊല്ലി നേരത്തെയും സംഘർഷം ഉണ്ടായിരുന്നു.

വട്ടപാട്ട്, ചെണ്ടമേളം മത്സരങ്ങളുടെ ഫലമാണ് സംഘർഷത്തിന് ഇടയാക്കിയത്. ഈ മത്സരങ്ങളുടെ വിധികർത്താക്കൾക്കളെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ മത്സരാർത്ഥികളുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് തടഞ്ഞ് വെയ്ക്കുകയായിരുന്നു. വിധികർത്താക്കൾക്ക് യോഗ്യതയില്ലെന്നും മാനദണ്ഡങ്ങൾ ലംഘിച്ചാണ് വിധിനിർണ്ണയം നടത്തിയതെന്നും ആരോപിച്ചാണ് രക്ഷിതാക്കൾ വിധികർത്താക്കളെ തടഞ്ഞ് വച്ചത്. പിന്നീട് വേദിയുടെ ചുമതലയുളള അധ്യാപകരെത്തിയാണ് വിധികർത്താക്കളെ മോചിപ്പിച്ച് സംഘർഷത്തിന് അയവ് വരുത്തിയത്. വട്ടപ്പാട്ട് വിധിനിർണ്ണയത്തിനെത്തിയ അധ്യാപകർക്ക് വിധിനിർണ്ണയത്തിനുളള യോഗ്യത ഇല്ലെന്ന് ആരോപിച്ചാണ് രക്ഷിതാക്കൾ പ്രതിഷേധിച്ചത്.

Signature-ad

പുലർച്ചെ 1.30 ന് മത്സരം അവസാനിച്ചതോടെ രക്ഷിതാക്കളും അധ്യാപകരും പരിശീലകരും ചേർന്ന് വിധികർത്താക്കളുടെ വാഹനം തടയുകയായിരുന്നു. ഹൈസ്‌ക്കൂൾ വിഭാഗം ചെണ്ടമേളം മത്സരത്തിൻറെ വിധി നിർണ്ണയത്തിലും അപാകതയെന്നാരോപിച്ച് രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. വിധി നിർണ്ണയത്തിൻറെ മാനദണ്ഡം ലംഘിച്ചുവെന്നും വിജയിച്ച ടീമിന് കൂടുതൽ സമയം അനുവദിച്ചുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു. നാലോളം വിദ്യാലയങ്ങളിൽ നിന്നുള്ള ടീമുകളാണ് പ്രതിഷേധമുയർത്തിയത്. ഇരുവേദികളിലും വിധികർത്താക്കളുടെ വാഹനങ്ങൾ രക്ഷിതാക്കളും വിവിധ സ്കൂളുകളിലെ അധ്യാപകരും ചേർന്ന് തടയുകയായിരുന്നു. വിധി നിർണ്ണയത്തിനെതിരെ അപ്പീൽ പോകുമെന്ന് രക്ഷിതാക്കൾ അറിയിച്ചു.

Back to top button
error: