പട്‌ന: സാമ്പത്തിക സംവരണം അംഗീകരിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിനോടു ജനതാദള്‍ (യു) നേതൃനിരയില്‍ ഭിന്നത. ജെ.ഡി.യു പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഉപേന്ദ്ര ഖുശ്വാഹയാണ് മുഖ്യമന്ത്രിയുടെ നിലപാടിനോടുള്ള വിയോജിപ്പു പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പരസ്യമാക്കിയത്. സാമ്പത്തിക സംവരണമെന്ന ‘സവര്‍ണ സംവരണ’ത്തെ സ്വാഗതം ചെയ്തതു പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണെന്നു ഖുശ്വാഹ തുറന്നടിച്ചു. പ്രതിപക്ഷത്തെ ചില പാര്‍ട്ടികള്‍ സാമ്പത്തിക സംവരണത്തോടുള്ള എതിര്‍പ്പു തുടരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിനു പാര്‍ട്ടി അണികളുടെയും നേതാക്കളുടെയും യഥാര്‍ഥ വികാരം മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഖുശ്വാഹ വിമര്‍ശിച്ചു. പാര്‍ട്ടി നേതാക്കള്‍ കാണാനെത്തുമ്പോള്‍ മറ്റു ചിലര്‍ നിതീഷിന്റെ ഒപ്പമുണ്ടാകുന്നതിനാല്‍ മനസു തുറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ വിശ്വസ്തരായിനിന്ന ചിലര്‍ വഞ്ചിച്ചു പിണങ്ങിപ്പോയ കാര്യം മറക്കരുതെന്നും ഖുശ്വാഹ നിതീഷിനെ ഉപദേശിച്ചു.
ഉപേന്ദ്ര ഖുശ്വാഹയുടെ നിലപാടിനെ എതിര്‍ത്ത മുന്‍മന്ത്രി ജയകുമാര്‍ സിങ് ചര്‍ച്ചയില്‍ പങ്കെടുത്തതു മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെട്ടിലാക്കുകയും ചെയ്തു. സംവരണ വിഷയം ഒഴിവാക്കിയാണു നിതീഷ് കുമാര്‍ പ്രസംഗിച്ചത്. സാമ്പത്തിക സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയുണ്ടായപ്പോള്‍ സ്വാഗതം ചെയ്ത നിതീഷ് കുമാര്‍ സംവരണത്തിനുള്ള 50% പരിധി എടുത്തു കളയണമെന്നും ആവശ്യപ്പെട്ടിരുന്നു.