CrimeNEWS

കടയിലെ പണപ്പെട്ടിയില്‍നിന്ന് പോലീസുകാരന്‍ പണംമോഷ്ടിച്ചു; പിടിവീണപ്പോള്‍ മടക്കി നല്‍കി ‘മാതൃകയായി’

പീരുമേട്: കടയിലെ പണപ്പെട്ടിയില്‍നിന്ന് പണം കവര്‍ന്ന പോലീസുകാരനെ കടയുടമ കൈയോടെ പൊക്കി. പിടിവീണപ്പോള്‍ പണം തിരികെക്കൊടുത്ത് പോലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ പോലീസുകാരന്‍ തടിയൂരി. എന്നാല്‍, സംഭവം നാട്ടില്‍ പാട്ടയിട്ടും ചെറുവിരലനക്കാന്‍ അധികൃതര്‍ ശ്രമിക്കാത്തത് വിവാദമാകുന്നു. കടയില്‍നിന്നു സ്ഥിരമായി പണംനഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ട കടയുടമയാണ് പണം കവരുന്നതിനിടെ പോലീസുകാരനെ പിടികൂടിയത്.

നവംബര്‍ 24-നാണ് സംഭവമുണ്ടായത്. പാമ്പനാര്‍ ടൗണിലെ കടയില്‍നിന്നാണ് പോലീസുകാരന്‍ ആയിരം രൂപ കവര്‍ന്നത്. കടയുടമ ഇയാളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടി. ആളുകള്‍ കൂടിയതോടെ നാല്‍പ്പതിനായിരം രൂപ നല്‍കാമെന്നു പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതില്‍ അയ്യായിരം രൂപ കൈമാറുകയുംചെയ്തു.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെങ്കിലും സംഭവസ്ഥലത്തെത്തിയവര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല.

നിരോധിത പുകയില ഉത്പന്നങ്ങള്‍ ഈ കടയില്‍നിന്നു മുന്‍പ് പിടികൂടിയിരുന്നു. അന്നു മുതല്‍ പോലീസുകാരന്‍ കടയില്‍ സ്ഥിരമായി എത്തിയിരുന്നു. കടയുടമ കുറച്ചുകാലമായി കടയില്‍ എത്തുന്നവരെ നിരീക്ഷിച്ചുവരുകയായിരുന്നു. പോലീസുകാരന്‍ കടയില്‍ എത്തി നാരങ്ങാവെള്ളം എടുക്കാന്‍ പറയുകയും കടയുടമ നാരങ്ങാവെള്ളം എടുക്കാന്‍ തിരിഞ്ഞസമയത്ത് പണപ്പെട്ടിയില്‍നിന്നു പണം കവരുകയുമായിരുന്നു. ഇതുകണ്ട കടയുടമ ഇയാളെ കൈയോടെ പിടികൂടി. നാട്ടുകാരുടെ മുന്നില്‍വെച്ച് മോഷണം പിടികൂടിയിട്ടും നടപടിയുണ്ടാകാത്തതാണ് നാട്ടില്‍ ചര്‍ച്ചയാകുന്നത്.

സംഭവം ഒത്തുതീര്‍പ്പാക്കിയ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ ഇതേ തരത്തില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും കേസ് ഒഴിവാക്കിനല്‍കുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നത് പതിവാണെന്നും ആരോപണമുണ്ട്.

 

Back to top button
error: