മുംബൈ: ആഭ്യന്തര സൂചികകൾ ഇന്ന് റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു. സെൻസെക്‌സ് 211.16 പോയിൻറ് അഥവാ 0.34 ശതമാനം ഉയർന്ന് 62,504.80 ൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ അതിനു മുൻപ് 62,701.4 എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. നിഫ്റ്റി 50 പോയിന്റ് അഥവാ 0.27 ശതമാനം ഉയർന്ന് 18,562.80-ൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും അതിനു മുൻപ് 18,614.25 എന്ന റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ശക്തമായ നേട്ടത്തിന്റെ നേതൃത്വത്തിൽ ആണ് നിഫ്റ്റി പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചത്. സെൻസെക്സ് ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസ് 3.4 ശതമാനം ഉയർന്ന് 2,706 രൂപയിലെത്തി. 2022 ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഓഹരി വ്യാപാരം നടന്നത്. കൂടാതെ, സെൻസെക്‌സ് 30 ഓഹരികളിൽ നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിൻസെർവ്, ഐ സി ഐ സി ഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം മറുവശത്ത്, ടാറ്റ സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ എന്നിവ ഓരോ ശതമാനത്തിലധികം ഇടിഞ്ഞു.
2023 സാമ്പത്തിക വർഷത്തിലെ മികച്ച കോർപ്പറേറ്റ് വരുമാനം, ജിഎസ്ടി (ഒക്ടോബറിൽ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ), റീട്ടെയിൽ പണപ്പെരുപ്പം 2022 ഒക്ടോബറിൽ 6.77-ൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നത് എന്നിങ്ങനെയുള്ള ഒന്നിലധികം ഘടകങ്ങളുടെ പ്രവർത്തനമാണ് നിഫ്റ്റിയെ റെക്കോർഡ് നേട്ടത്തിലേക്ക് ഉയർത്തിയത്. യു എസ് ഫെഡറേഷന്റെ പലിശ നിരക്ക് വർദ്ധനയുടെ വേഗത കുറയുമെന്ന പ്രതീക്ഷയും വിപണി കാത്തു. പ്രതീക്ഷിച്ചതിലും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണ് ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്