റിയാദ്: കഴിഞ്ഞ ദിവസം വലിയ പ്രളയത്തിനിടയാക്കി ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്. 2009-ന് ശേഷം ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ച ജിദ്ദയിലുണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് മഴ നീണ്ടുനിന്നത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് മഴ ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തിയത്. നിരീക്ഷണ കേന്ദ്രങ്ങൾ അനുസരിച്ച് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ഗവർണറേറ്റിന്റെ തെക്ക് ഭാഗത്താണ്. അത് 179.7 മില്ലിമീറ്ററാണെന്ന് നിരീക്ഷണ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.
2009-ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണിത്. അന്ന് 111 മഴ മില്ലീമീറ്ററായിരുന്നു. 2011-ൽ പെയ്ത മഴ 90 മില്ലിമീറ്ററാണ് രേഖപ്പെടുത്തിയതെന്നും വക്താവ് പറഞ്ഞു. വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിരുന്നു.
വ്യാഴാഴ്ചത്തെ ശക്തമായ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട കാറുകള്‍ മറ്റ് കാറുകള്‍ മുകളിലാവുന്ന സ്ഥിതി നേരിട്ടിരുന്നു. നഗരത്തില്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വെള്ളം കയറിയ റോഡുകളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് റബ്ബര്‍ ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചത്. കനത്ത മഴ വിമാന സര്‍വീസുകളെയും ബാധിച്ചിരുന്നു. ജിദ്ദ, റാബിഖ്, ഖുലൈസ്എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി നൽകിയിരുന്നു.