IndiaNEWS

പ്രളയകാലത്ത് നൽകിയ അരിയുടെ കാശ് ചോദിച്ച് കേന്ദ്രം, കേരളത്തിന് അന്ത്യശാസനം; പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്ന് തിരികെ പിടിക്കും

ദില്ലി: പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ കാശ് തിരികെ നൽകാൻ കേരളത്തിന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെ പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.

കേരളത്തിൽ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്നാണ് അരി അനുവദിച്ചത്. 89540 മെട്രിക് ടൺ അരിയാണ് അനുവദിച്ചത്. അന്ന് തന്നെ തുക ആവശ്യപ്പെട്ട് കേന്ദ്രം രംഗത്ത് വന്നിരുന്നു. പ്രളയകാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്ഥാനം പലവട്ടം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് കേന്ദ്ര സർക്കാർ തയ്യാറായില്ല.

Signature-ad

കേന്ദ്രം നൽകുന്ന ഭക്ഷ്യസബ്സിഡിയിൽ നിന്ന് അടക്കം ഈ പണം പിടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ കേന്ദ്രത്തിന് പണം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായത്. കേന്ദ്ര സർക്കാരിൽ പലവിധത്തിൽ സമ്മർദ്ദം ചെലുത്താൻ സർക്കാർ ശ്രമിച്ചെങ്കിലും പണം നൽകാതെ പറ്റില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.

Back to top button
error: