KeralaNEWS

ശബരിമല പ്രത്യേക തീവണ്ടികളുടെ അമിത നിരക്ക്: വിശദീകരണം തേടി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ശബരിമല പ്രത്യേക തീവണ്ടികളുടെ അമിത നിരക്കിൽ ഇടപെട്ട് ഹൈക്കോടതി. വിശദീകരണം തേടി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സതേൺ റെയിൽവേ മാനേജർ അടക്കമുള്ളവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മാധ്യമ വാർത്തയെ തുടർന്നാണ് കോടതി ഇടപെടൽ. അധിക നിരക്ക് ഈടാക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കേസിൽ റെയിൽവേയെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദേശിച്ചു. നേരത്തെ, ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായി കേരളം ആരോപിച്ചിരുന്നു.

അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനാണ് അബ്ദുറഹിമാൻ കത്തയച്ചത്. ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്ന നീക്കം അനുവദിക്കാന്‍ കഴിയില്ലെന്ന് കത്തില്‍ മന്ത്രി പറഞ്ഞു. ഹൈദരബാദ് – കോട്ടയം യാത്രയ്ക്ക് 590 രൂപയാണ് സാധാരണ സ്ലീപ്പര്‍ നിരക്ക്. എന്നാല്‍, ശബരി സ്പെഷ്യല്‍ ട്രെയിനിൽ 795 രൂപയാണ് നിരക്ക്. 205 രൂപയാണ് അധികമായി ഈടാക്കുന്നത്.

Signature-ad

പമ്പ-നിലയ്ക്കൽ കെഎസ്ആർടിസി സ്പെഷ്യൽ നിരക്കിന് അധിക തുക ഈടാക്കുന്നതായും ആരോപണമുയർന്നിരുന്നു. ശബരിമല സ്പെഷ്യൽ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ 16 തീയതി വൈകീട്ട് ഏഴ് മണിക്ക് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് യാത്ര ചെയ്ത തീർത്ഥാടകനിൽ നിന്നും ടിക്കറ്റ് നിരക്ക് 130 രൂപയും സെസ് 11 രൂപയും ചേർത്ത് ആകെ 141 രൂപയാണ് ഈടാക്കിയത്. അതേ തീർത്ഥാടകൻ തൊട്ടടുത്ത ദിവസമായ 17 ന് രാവിലെ എഴ് മണിക്ക് ഫാസ്റ്റ് പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്തപ്പോൾ ടിക്കറ്റ് നിരക്കും സെസും ചേർത്ത് ആകെ ഈടാക്കിയത് 180 രൂപ.

ഒരേ റൂട്ടിൽ രണ്ട് സ്പെഷ്യൽ സർവീസുകളുടെ ടിക്കറ്റ് നിരക്കിലെ വ്യത്യാസം 39 രൂപയാണ്. ഒരു റൂട്ടിലെ മാത്രം അവസ്ഥയല്ലിത്. പമ്പയിൽ നിന്നുള്ള പല ദീർഘ ദൂര സർവീസുകളിലും ടിക്കറ്റ് നിരക്കിൽ ഏകീകൃത സ്വഭാവമില്ല. സ്പെഷ്യൽ സർവീസിന്റെ പേരിൽ കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കി തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നെന്ന പരാതികൾക്കിടയിലാണ് ഇത്തരം വ്യകതയില്ലാത്ത നടപടികളും ഉയരുന്നത്. നിലയ്ക്കൽ-പമ്പ ചെയ്ൻ സർവീസിലും അമിത നിരക്കാണെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധത്തിലാണ്.

Back to top button
error: