തിരുവനന്തപുരം: നഗരസഭയിലെ നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആരെയും പ്രതി ചേര്‍ക്കാതെയാണ് കേസെടുത്തത്. കോര്‍പ്പറേഷനെയും മേയറെയും ഇകഴ്ത്തിക്കാണിക്കാനാണ് കത്ത് പ്രചരിപ്പിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
മേയറുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചു. ഔദ്യോഗിക ലെറ്റര്‍ പാഡില്‍ മേയറുടെ വ്യാജ ഒപ്പിട്ടു. വ്യാജരേഖ മേയറെ ഇകഴ്ത്താനും സദ്കീര്‍ത്തി കളയാനുമാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
മേയര്‍ സ്ഥലത്ത് ഇല്ലാത്ത സമയത്താണ് കത്ത് തയ്യാറാക്കിയത്. വ്യാജ ഒപ്പും ലെറ്റര്‍പാഡും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജരേഖ ചമയ്ക്കലിനുള്ള വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്. പ്രാഥമിക പരിശോധന നടത്തിയ സംഘത്തിന് തന്നെയാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്.
അതിനിടെ, നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇന്നും മേയര്‍ക്കെതിരേ പ്രതിപക്ഷ പ്രതിഷേധം. മേയര്‍ ഗോബാക്ക് ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. കൗണ്‍സിലര്‍മാര്‍ മേയറുടെ ഡയസ്സിന് മുകളില്‍ കിടന്നും പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ നീക്കി പോലീസ് മേയര്‍ക്ക് ഡയസ്സിലേക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കി.