തൃക്കാക്കരയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വൻകോലാഹങ്ങളോടെ കസ്റ്റടിയിലെടുത്തുക്കൊണ്ടു പോയ സർക്കിൾ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനു ഇന്ന് രാവിലെ വീണ്ടും ഡ്യൂട്ടിക്കെത്തി. എന്നാൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം ഇയാൾ ഉച്ചയോടെ അവധിയില്‍ പോയി. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ പി.ആര്‍ സുനു കേസില്‍ മൂന്നാം പ്രതിയാണ്.
ബലാത്സംഗം ഉള്‍പ്പെടെ മറ്റ് ആറ് ക്രിമിനല്‍ കേസുകളിലും ഇയാൾ പ്രതിയാണ്. നാലെണ്ണം സ്ത്രീപീഡന കേസുകളാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസ് അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചു എന്നത് അതീവ ഗുരുതര കൃത്യമാണ്. ആറു മാസം ജയില്‍ശിക്ഷ അനുഭവിച്ചതിന് പുറമെ 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇയാൾ. അതു കൊണ്ടു തന്നെ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ഒരാഴ്ച മുന്‍പാണ് പീഡനക്കേസില്‍ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും ആരോപണം ഉന്നയിച്ച രണ്ട് വ്യക്തികളുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവസമയത്ത് മറ്റ് സ്ഥലങ്ങളിലാണ് കാണിക്കുന്നതെന്നുമാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ തെളിവുകള്‍ ഇല്ലാതെ അറസ്റ്റുചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പൊലീസ് നിലപാട്. തൃക്കാക്കരയില്‍ രജിസ്റ്റര്‍ ചെയ്ത കൂട്ടബലാത്സംഗ കേസിൽ സുനു ആരോപണവിധേയനായതോടെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥന്‍ സേനയില്‍ തുടരുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
മുമ്പ്. തൃശൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ സുനു റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. സുനുവിനെതിരായ ക്രിമിനല്‍ കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായാലും ശിക്ഷിച്ചാല്‍ മാത്രമേ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയുള്ളൂ എന്ന പഴുത് ഉപയോഗിച്ചാണ് സുനു പൊലീസില്‍ തുടരുന്നത്.
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നേരത്തെ അവസാനിപ്പിച്ച നടപടികള്‍ പുനഃപരിശോധിക്കാനുള്ള തീരുമാനം. കേരള പൊലീസ് ഡിപ്പാർട്ട്മെന്റല്‍ ഇന്‍ക്വറി പണിഷ്‌മെന്റ് ആന്‍ഡ് അപ്പീല്‍ റൂള്‍സ് 36 (എ) പ്രകാരമാണ് പുനഃപരിശോധന. പൊലീസ് പരിശോധിച്ച് അവസാനിപ്പിച്ച അച്ചടക്ക നടപടികളിലെ പുനഃപരിശോധനാധികാരം സര്‍ക്കാരിനാണ്.
അതുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറിക്ക് പുനഃപരിശോധനക്ക് റിപ്പോര്‍ട് നല്‍കിയത്. പുനഃപരിശോധയില്‍ സുനുവിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ തരംതാഴ്ത്താനും പിരിച്ചുവിടാനുമുള്ള അധികാരം സര്‍ക്കാരിനുണ്ട്. നീണ്ട നടപടിക്രമങ്ങളായത് കൊണ്ട് 36 എ വകുപ്പ് പ്രകാരമുള്ള നടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടക്കാറില്ല.