കൊച്ചി: ശബരിമല ദര്‍ശനത്തിനു ഹെലികോപ്റ്റര്‍ സേവനം നല്‍കുമെന്നു കാണിച്ചു പരസ്യം നല്‍കാന്‍ ആരാണ് അനുവാദം നല്‍കിയതെന്ന് സ്വകാര്യ കമ്പനിയോടു ഹൈക്കോടതിയുടെ ചോദ്യം. ഹെലി കേരള എന്ന വെബ്‌സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് സ്‌പെഷല്‍ സിറ്റിങ്ങില്‍ പരിഗണിക്കുമ്പോഴാണ് ദേവസ്വം ബെഞ്ചിന്റെ ചോദ്യം. ഹെലികോപ്റ്റര്‍ സേവനം നല്‍കുന്നതിനോ പരസ്യം നല്‍കുന്നതിനോ അനുമതി നല്‍കിയിട്ടില്ലെന്നു ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രത്യേക സുരക്ഷാ മേഖലയാണു ശബരിമല ഉള്‍പ്പെടുന്ന പ്രദേശം എന്നതിനാല്‍ കമ്പനിക്കെതിരെ എന്തു നടപടി എടുത്തു എന്നായിരുന്നു ദേവസ്വം ബോര്‍ഡിനോടുള്ള കോടതിയുടെ ചോദ്യം. സംഭവം അറിഞ്ഞ ശേഷവും എന്തുകൊണ്ടു നടപടി എടുത്തില്ലെന്നു കോടതി കുറ്റപ്പെടുത്തി. പരസ്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കില്ലെന്നു ഹെലി കേരള കമ്പനി കോടതിയെ അറയിച്ചു. എന്നാല്‍ പോലീസ് നടപടി നേരിടുകയാണു വേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി.
സംഭവം ഗുരുതര വിഷയമാണെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. സംരക്ഷിത വന മേഖല ഉള്‍പ്പെടുന്നതായതിനാല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തേടേണ്ടതുണ്ടെന്നു കേന്ദ്രം അറിയിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ശബരിമലയില്‍ വി.ഐ.പി ദര്‍ശനം വാഗ്ദാനം ചെയ്യാന്‍ എന്ത് അധികാരമാണ് ഉള്ളതെന്ന വിമര്‍ശനമാണു കമ്പനിക്കു നേരെ കോടതി ഉയര്‍ത്തിയത്. അനധികൃത വാഹനങ്ങള്‍ പോലും കടത്തിവിടാതിരിക്കാന്‍ കോടതി ഉത്തരവ് നിലവിലുണ്ടെന്നും സുരക്ഷയെ ബാധിക്കുന്നതാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. അറിവോടെയല്ല പരസ്യം നല്‍കിയിരിക്കുന്നതെന്ന് ഇന്നലെ കോടതി ഈ വിഷയം പരിഗണനയ്‌ക്കെടുത്തപ്പോള്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ സര്‍വീസ് നടത്തുന്നത് എന്നും കേന്ദ്രത്തോടു കോടതി ആരാഞ്ഞിരുന്നു.
ശബരിമലയിലേക്കു കൊച്ചിയില്‍നിന്നു പ്രതിദിനം രണ്ടു സര്‍വീസ് നടത്തുന്നതായാണ് ഹെലി കേരള കമ്പനി വെബ്‌സൈറ്റിലൂടെ പരസ്യം നല്‍കിയിരുന്നത്. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു കാറില്‍ സര്‍വീസും അവിടെനിന്നു ഡോളി സേവനവും ശബരിമലയില്‍ വിഐപി ദര്‍ശനവുമായിരുന്നു കമ്പനിയുടെ വാഗ്ദാനം. സ്വകാര്യ വാഹനങ്ങള്‍ക്കു പോലും അനുമതി ഇല്ലെന്നിരിക്കെ നിയമവിരുദ്ധമായി പരസ്യം നല്‍കിയ കമ്പനി നടപടി ശ്രദ്ധയില്‍ പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ച് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയായിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.