പല രാജ്യങ്ങളും മുന്‍പരിചയമടക്കം കുടിയേറ്റത്തിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുകയും വേതനവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കുടിയേറുന്ന നഴ്സുമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ബ്രിഡ്ജ് കോഴ്സ് ഓസ്ട്രേലിയ നിര്‍ത്തി. ഇപ്പോള്‍ എന്‍സിഎല്‍ഇഎക്സ് ആര്‍എന്‍ പരീക്ഷ വിജയിച്ചാല്‍മാത്രംമതി. ന്യൂസിലന്‍ഡ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഒഇടി, ഐഇഎല്‍ടിഎസ് സ്കോര്‍ കുറച്ചു. ഫിലിപ്പീന്‍സില്‍നിന്നുള്ള നഴ്സുമാര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന ജപ്പാന്‍, വ്യവസ്ഥ പിന്‍വലിച്ചു.
ജര്‍മനി 2.5 ലക്ഷം, ജപ്പാന്‍ 1.4 ലക്ഷം, ഫിന്‍ലന്‍ഡ് 15000, യുകെ 50000, ഓസ്ട്രേലിയ 15000, ന്യൂസിലന്‍ഡ് 10000, അയര്‍ലന്‍ഡ് 5000 എന്നിങ്ങനെ നഴ്സുമാരുടെ ഒഴിവുണ്ടെന്നാണ് അതത് സര്‍ക്കാരുകള്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ യുകെ സന്ദര്‍ശനത്തില്‍ ഒപ്പുവച്ച കരാര്‍പ്രകാരമുള്ള റിക്രൂട്ട്മെന്റ് മേള 21ന് തുടങ്ങും.ജര്‍മനിയിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനായി ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി, ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ–-ഓപ്പറേഷന്‍, നോര്‍ക്ക റൂട്സ് എന്നിവര്‍ ചേര്‍ന്ന് ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം നടത്തുന്നുണ്ട്. ജര്‍മന്‍ ഭാഷാ പരിശീലനം അടക്കം നല്‍കുന്നു. ഇതില്‍ ആദ്യബാച്ചില്‍ യോഗ്യത നേടിയവര്‍ ജര്‍മനിയില്‍ ജോലിയില്‍ പ്രവേശിച്ചു.
അതേസമയം ഗള്‍ഫ് രാജ്യങ്ങളോട് കേരളത്തിലെ നഴ്സുമാര്‍ക്ക് താല്‍പ്പര്യം കുറയുകയാണ്. സൗദി അറേബ്യ അടുത്തിടെ 2500 നഴ്സുമാര്‍ക്കായി റിക്രൂട്ടിങ് നടത്തിയിരുന്നു. എന്നാല്‍ 250 പേര്‍മാത്രമാണ് പങ്കെടുത്തത്. ഇന്ത്യയില്‍നിന്ന് വിദേശത്തുപോകുന്ന നഴ്സുമാരില്‍ 95 ശതമാനത്തിലധികം കേരളത്തില്‍നിന്നാണ്.