കണമല ഇറക്കത്തിൽ നിയന്ത്രണം വിട്ട ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെടാതെ കാത്ത് കെ എസ് ആർ റ്റി സി ജീവനക്കാർ
എരുമേലി: പമ്പ പാതയിൽ കണമല ഇറക്കത്തിൽ നിയന്ത്രണം വിട്ട തീർത്ഥാടകരുടെ ബസിന് മുന്നിൽ ബ്രേക്കിട്ടു ഇടിപ്പിച്ച് നിർത്തി കെ എസ് ആർ റ്റി സി ബസ് ജീവനക്കാർ.കണമല ഇറക്കത്തിൽ ഇന്ന് രാവിലെയാണ് വലിയ അപകടം ഒഴിവാക്കാൻ കെ എസ് ആർ റ്റി സി ബസ് ഡ്രൈവറുടെ സമയോജിതമായ ഇടപെടൽ ഉണ്ടായത്.
പമ്പാവാലി ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് വരുന്നത് കണ്ട് തൊട്ട് മുന്നിൽ പോയ കെ എസ് ആർ റ്റി സി ബസ് നിർത്തിക്കൊടുക്കുകയായിരുന്നു. ബസിൽ ഇടിച്ച് തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെടാതെ നിൽക്കുകയും ചെയ്തു.
എറണാകുളത്തു നിന്നും പമ്പയിലേക്ക് വന്ന കെ എസ് ആർ റ്റി സി സ്പെഷ്യൽ സർവീസ് ബസിലെ ജീവനക്കാരാണ് ഇറക്കത്തിൽ ബസ് നിർത്തി പിന്നാലെ നിയന്ത്രണം വിട്ട് വന്ന ബസ് കുഴിയിലേക്ക് മറിയാതെ കാത്തത്.കെ എസ് ആർ റ്റി സി ബസിന്റെ പിന്നിൽ തീർത്ഥാടക ബസ് ഇടിച്ച് നിന്നതാണ് വലിയ അപകടം ഒഴിവാകാൻ ഇടയായത്. കെ എസ് ആർ റ്റി സി ബസ് ആ സമയത്ത് ഇല്ലായിരുന്നുവെങ്കിൽ കണമല ജംഗഷനിലേക്ക് നിയന്ത്രണം വിട്ട് അതിവേഗം ഇറങ്ങി വന്ന ബസ് കൊക്കയിലേക്ക് മറിയുമായിരുന്നു.