തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഡിസംബര്‍ 5 മുതല്‍ ചേരാന്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. തന്നെ ബാധിക്കുന്ന വിഷയമായതിനാല്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുമെന്നാണ് ഗവര്‍ണറുടെ നിലപാട്. സഭാ സമ്മേളനത്തിന് അനുമതി ലഭിച്ചാല്‍ ഓര്‍ഡിനന്‍സിന് പ്രസക്തിയില്ലാതാകും.
ഗവര്‍ണര്‍ പദവി വഹിക്കുന്ന ആള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓര്‍ഡിനന്‍സിലൂടെ നീക്കം ചെയ്യാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിനായി എല്ലാ സര്‍വകലാശാലകളുടെയും ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചിരുന്നു. ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരണമെന്ന് മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗദ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണം ചെയ്യുമെന്നും മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു.
ചാന്‍സലര്‍ക്ക് ശമ്പളവും മറ്റു പ്രത്യേക വേതന വ്യവസ്ഥകളും ഉണ്ടാകില്ല. സര്‍വകലാശാലയില്‍ എല്ലാ അധികാരവും ഓഫീസും അനുവദിക്കും. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം, സംസ്‌കൃതം, ശ്രീനാരായണ തുടങ്ങി സമാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളെ തന്നെ നിയമിക്കാന്‍ ആലോചനയുണ്ട്. അതേസമയം, സാങ്കേതികം, ഡിജിറ്റല്‍, ആരോഗ്യം, വെറ്ററിനറി, ഫിഷറീസ്, കാര്‍ഷികം, കുസാറ്റ് തുടങ്ങിയ സര്‍വകലാശാലകളില്‍ അതതു വിഷയത്തിലെ പ്രഗത്ഭരെ കണ്ടെത്തും.