കണ്ണൂര്‍: കൊച്ചിയില്‍ പീഡനക്കേസില്‍ പോലീസ് തന്നെ പ്രതിയായതിനെ വിമര്‍ശിച്ച് സി.പി.എം നേതാവ് പി.കെ.ശ്രീമതി. വേലിതന്നെ വിളവു തിന്നുന്നോ എന്ന് ചോദിച്ചായിരുന്നു ഫെയ്സ്ബുക് പോസ്റ്റ്. പീഡനക്കേസില്‍ അറസ്റ്റിലായ കോഴിക്കോട് കോസ്റ്റല്‍ സി.ഐ: പി.ആര്.സുനു സ്ഥിരം കുറ്റവാളിയെന്നും ശ്രീമതിയുടെ കുറിപ്പിലുണ്ട്.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗംതന്നെ പോലീസിനെതിരേ രംഗത്തെത്തിയത്. കൂട്ടബലാത്സംഗ കേസില്‍ കസ്റ്റഡിയിലുള്ള കോഴിക്കോട് കോസ്റ്റല്‍ സി.ഐ: സുനുവിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.
വീട്ടമ്മയുടെ പരാതിയിലാണ് തൃക്കാക്കര പോലീസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സുനുവിനെ ചോദ്യം ചെയ്തു. തൊഴില്‍ തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു.