ട്വിറ്റർ ജീവനക്കാർക്ക് ഇനി കടുത്ത ദിനങ്ങളായിരിക്കും വരാൻ പോകുന്നത്. നിബന്ധനകൾ കടുപ്പിച്ചുള്ളതാണ് എലൺ മസ്കിന്റെ നടപടികൾ ഓരോന്നും. ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യണം. പഴയതുപോലെ അല്ല സൗജന്യ ഭക്ഷണം ഉണ്ടാവില്ല, വർക്ക് ഫ്രം ഹോമും അവസാനിപ്പിക്കുകയാണ്. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച കമ്പനി മേധാവി ഇക്കാര്യങ്ങൾ സംബന്ധിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. പണം കൂടുതൽ ഉണ്ടാക്കണം. അല്ലെങ്കിൽ ട്വിറ്റർ പാപ്പരാവുന്ന അവസ്ഥയിലെത്തുമെന്നും മസ്ക് പറഞ്ഞു. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പറഞ്ഞതുപോലെ ജോലി ചെയ്യാൻ താല്പര്യമില്ലെങ്കിൽ രാജി വെച്ചിട്ട് പോകണമെന്നും മസ്ക് ആവശ്യപ്പെട്ടു. മസ്‌കിന്റെ പുതിയ നേതൃസംഘത്തിലെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്നർ, യോയെൽ റോത്ത്, സെയിൽസ് ടീമിന്റെ ചുമതലയുണ്ടായിരുന്ന റോബിൻ വീലർ എന്നിവർ രാജിവെച്ചു എന്നാണ് കഴിഞ്ഞ ദിവസം പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 50 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത് ചർച്ചയായിരുന്നു. കൂട്ടപിരിച്ചുവിടലിലൂടെയും ചെലവു ചുരുക്കിയും പുതിയ വരുമാനം കണ്ടെത്തിയും ട്വിറ്റർ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കങ്ങൾ. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.
ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറായ മസ്ക് 4400 കോടി രൂപക്കാണ് ട്വിറ്റർ വാങ്ങിയത്. ഇതിന് പിന്നാലെ വെരിഫൈഡ് മെമ്പർഷിപ്പിന് പ്രതിമാസം എട്ടുഡോളർ ഫീസായി ഈടാക്കണമെന്ന നീക്കവുമായി കൂടി മസ്ക് രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ട്വീറ്ററിന്റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർസി എത്തിയിരുന്നു. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ടെക് ലോകം ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ നടന്നതെന്ന് റിപ്പോർട്ട്. നിരവധി പരസ്യദാതാക്കൾ പിന്മാറിയത് ട്വീറ്ററിനെ നഷ്ടത്തിലാക്കിയെന്നാണ് മസ്ക് പറയുന്നത്കണ്ടന്റ് മോഡറേഷൻ പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യവകാശ സംഘടനകൾ പരസ്യ ദാതാക്കളിൽ സമ്മർദം പുലർത്തിയെന്നാണ് മസ്ക് പറയുന്നത്. പരസ്യക്കാർ പിൻവലിഞ്ഞതിനെ തുടര്‌ന്ന് വലിയ രീതിയിലുള്ള വരുമാന നഷ്ടമാണ് കമ്പനി നേരിടുന്നത്.