മൂന്നാർ: തെരുവുനായ ഓടിച്ച പൂച്ചപ്പുലി വീട്ടിനുള്ളിൽ കയറിയത് ഭീതി പരത്തി. മൂന്നാറിലാണ് സംഭവം. പുലിയാണെന്ന് കരുതി വീട്ടുകാരും നാട്ടുകാരും ഭയന്നു. വനപാലകരെത്തിയതോടെയാണ് പുലിയല്ല പൂച്ചപ്പുലിയാണിതെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു.
വൈകുന്നേരത്തോടെയാണ് വഴിതെറ്റിയെത്തിയ പൂച്ചപ്പുലി മൂന്നാർ എംജി കോളനിയിൽ എത്തിയത്. ഈ നേരം അവിടെ കൂട്ടംകൂടി നിന്നിരുന്ന നായ്ക്കൾ ഒന്നടങ്കം പൂച്ചപ്പുലിയെ അക്രമിക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ നിന്നും രക്ഷതേടുന്നതിനിടെയാണ് പൂച്ചപ്പുലി വീട്ടിൽ കയറിയത്. ഇതോടെ വീട്ടുകാർ ഭയന്ന് വിറച്ച് പുറത്തേക്ക് ഓടി വാതിൽ പൂട്ടി. തുടർന്ന് വിവരം വനപാലകരെ അറിച്ചു. ഇവരെത്തി നടത്തിയ പരിശോധനയിലാണ് പൂച്ചപ്പുലിയാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഇതിനെ പിടികൂടി കാട്ടിൽ തുറന്ന് വിട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മൂന്നാർ മേഖലയിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. എസ്റ്റേറ്റ് മേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. പുലിയുടെ ആക്രമണത്തിൽ നിരവധി പശുക്കൾ കൊല്ലപ്പെടുന്നതും പതിവായി. ഇതാണ് കോളനി നിവാസികൾ ഭയപ്പെടാൻ കാരണം.
കഴിഞ്ഞ ദിവസം ഗൂഡാർവിള എസ്റ്റേറ്റിൽ ഗർഭിണിയായ പശുവിനെ പുലി കടിച്ചു കൊന്നിരുന്നു. ശനിയാഴ്ച രാവിലെ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ മേയാൻ പോയ ആറുമുഖത്തിന്റ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. രണ്ടു ദിവസമായി പശുവീട്ടിൽ എത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചലിലാണ് കാട്ടിനുള്ളിൽ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കന്നിമല എസ്റ്റേറ്റിന് സമീപത്ത് കറവപശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിവാസലിന് സമീപത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു.
പുലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും വനപാലകർ സ്ഥിരീകരിച്ചിട്ടില്ല. മൂന്നാറിലെ തോട്ടം മേഖലയിൽ നിരന്തരമായി പുലിയുടെ ആക്രമണത്തിൽ പശുക്കൾ ചത്തൊടുങ്ങുന്നത് ക്ഷീര കർഷകരായ തൊഴിലാളികൾക്ക് തിരിച്ചടിയാവുകയാണ്. സംഭവത്തിൽ വനപാലകർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.