കൊല്ലം: കോർപ്പറേഷനിലെ വനിതാ കൗൺസിലറെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ശക്തികുളങ്ങര സ്വദേശി ബെൻ റൊസാരിയോയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ദേശീയ പാതയിൽ വള്ളിക്കീഴ് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു സംഭവം. മദ്യ ലഹരിയിൽ കാറോടിച്ച ബെൻ റൊസാരിയോ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. അപകടം നേരിട്ടു കണ്ട ആലാട്ടുകാവ് ഡിവിഷൻ കൗൺസിലറായ ആശ ബെൻ, റൊസാരിയോയുടെ വാഹനം തടഞ്ഞ് പൊലീസിനെ വിളിക്കാൻ ശ്രമിച്ചു.
ഇതിനിടെ ബെൻ റൊസാരിയോ കാർ മുന്നോട്ടെടുക്കുകയായിരുന്നു. ആശയുടെ കാലിലൂടെ വാഹനം കയറിയിറങ്ങി. ബൈക്ക് യാത്രികനായ രാമൻകുളങ്ങര സ്വദേശി സുനിൽകുമാറിനേയും ഇയാൾ ഇടിച്ചിട്ടു. പിന്നാലെ നാട്ടുകാർ തടഞ്ഞു വച്ചാണ് പ്രതിയെ ശക്തികുളങ്ങര പൊലീസിന് കൈമാറിയത്. പരിക്കേറ്റ ആശയും സുനിൽകുമാറും കൊല്ലം ജില്ലാ ആശുപത്രിയൽ ചികിത്സയിലാണ്. ഇരുകാലിനും ഗുരുതരമായി പരിക്കേറ്റ ആശക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അതേസമയം, പുതുവൈപ്പിനിൽ ഡി വൈ എഫ് ഐ പ്രവർത്തകരെ ലഹരിസംഘം തോക്ക് ചൂണ്ടി ആക്രമിച്ചതായി പരാതി ഉയർന്നിരുന്നു. ഇടറോഡിൽ അമിതവേഗതയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണമെന്നാണ് പരാതി. പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ലഹരിസംഘത്തിലെ പ്രധാനികളെന്നാണ് ഡി വൈ എഫ് ഐ ആരോപിക്കുന്നത്. അമിതവേഗതയിൽ വാഹനം ഓടിച്ചത് നാട്ടുകാരാണ് ആദ്യം ചോദ്യം ചെയ്തത്. സ്കൂൾ കുട്ടികളടക്കം യാത്ര ചെയ്യുന്ന റോഡിൽ ഈ രീതിയിൽ വാഹനം ഓടിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മാറ്റമുണ്ടായില്ല. ഇതോടെയാണ് പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവർത്തകർ വിഷയത്തിൽ ഇടപെടുന്നത്. തുടർന്ന് വാക്കുതർക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു.