രാജ്യത്ത് ഡെങ്കിപ്പനി കേസുകള്‍ വ്യാപകമായി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഡെങ്കു കേസുകളില്‍ ഏറ്റവുമധികം വന്നിട്ടുള്ളത് ഒക്ടോബര്‍ മാസത്തിലാണ്. തലസ്ഥാനമായ ദില്ലിയിലാണ് ഭീകരമാംവിധം ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഡെങ്കിപ്പനിയോ കൊവിഡോ?
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള യുദ്ധത്തിലാണ് നാം. ഇപ്പോഴും കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നീങ്ങിയിട്ടില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ ശക്തമായ തരംഗങ്ങള്‍ ഇനിയും നമ്മെ കടന്നുപിടിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പോലും ഓര്‍മ്മപ്പെടുത്തുന്നത്.
ഇപ്പോള്‍ ഡെങ്കു കേസുകള്‍ കൂടിവരുമ്പോഴും പലരും കൊവിഡിനുള്ള പ്രാധാന്യം ഡെങ്കിപ്പനിക്ക് നല്‍കുന്നില്ല. കൊവിഡിനോളം വരുമോ ഡെങ്കിപ്പനി എന്ന് ചോദിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഇത്തരത്തിലൊരു താരതമ്യപ്പെടുത്തലിന് ഇവിടെ സാധ്യതയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് 19ഉം ഡെങ്കിപ്പനിയും ഒരുപോലെ അപകടകാരികളാണെന്നും, രോഗികളുടെ ജീവനെടുക്കാൻ ഈ രണ്ട് രോഗങ്ങള്‍ക്കും കഴിയുമെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇവയ്ക്ക് ചികിത്സയെടുക്കാതിരിക്കുന്നത് അപകടമാണെന്നും ഇവര്‍ സൂചിപ്പിക്കുന്നു.
ഡെങ്കിപ്പനിയും കൊവിഡും ഒരുമിച്ച്?
ഡെങ്കിപ്പനിയും കൊവിഡും ഒരുമിച്ച് ഒരേ വ്യക്തിയെ ബാധിക്കില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും സജീവമാണ്. അങ്ങനെ ഉറപ്പിക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഈ രണ്ട് രോഗങ്ങളും ഒന്നിച്ച് തന്നെ ഉണ്ടാകാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ച് സമയത്തിന് ചികിത്സ തേടണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.
ഡെങ്കിപ്പനി എത്രമാത്രം അപകടകാരി?
ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുമ്പോള്‍ പലര്‍ക്കും ഇതിന്റെ ഗൗരവം ചെറുതായിപ്പോവുകയാണ്. ഡെങ്കിപ്പനി അത്ര അപകടമുണ്ടാക്കുന്ന രോഗമല്ലെന്ന് വാദിക്കുന്നവര്‍ പോലുമുണ്ട്. എന്നാല്‍ ഡെങ്കിപ്പനി വളരെയധികം ശ്രദ്ധ നല്‍കേണ്ട രോഗം തന്നെയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് രോഗിയുടെ ജീവൻ തന്നെ കവര്‍ന്നെടുക്കാം.
‘ഡെങ്കിപ്പനി ഒരിക്കലേ വരൂ…’
ഒരു വ്യക്തിക്ക് ജീവിതത്തിലൊരിക്കലേ ഡെങ്കിപ്പനി വരൂ എന്ന തരത്തിലുള്ള വിശ്വാസങ്ങളും പലരിലും കാണാം. ഇത് തീര്‍ത്തും തെറ്റാണ്. ഒന്ന് മുതല്‍ നാല് തവണ വരെയെല്ലാം വ്യത്യസ്ത സമയങ്ങളില്‍ ഒരേ വ്യക്തിയില്‍ ഡെങ്കിപ്പനി പിടിപെടാമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. എന്നുമാത്രമല്ല, ഒരിക്കല്‍ വന്ന് ഭേദമായ ശേഷം രണ്ടാം തവണ രോഗം പിടിപെടുമ്പോള്‍ അതിന്റെ തീവ്രത കൂടാനാണ് സാധ്യതയെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
ഡെങ്കിപ്പനിക്ക് പപ്പായ ഇല?
ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ രോഗിയുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് കോശങ്ങള്‍ ക്രമാതീതമായ താഴുന്നതാണ് ഒരു അപകടാവസ്ഥ. ഡെങ്കിപ്പനിക്ക് പ്രത്യേകമായ ചികിത്സ ഇന്നും നമുക്കില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന വിവിധ പ്രശ്നങ്ങള്‍ക്കുള്ള ചികിത്സയുണ്ടുതാനും. അത്തരത്തില്‍ പ്ലേറ്റ്ലെറ്റ് കുറയുന്നതിനും ചികിത്സയുണ്ട്.
എന്നാല്‍ രക്തകോശങ്ങള്‍ വര്‍ധിപ്പിക്കാൻ പപ്പായ ഇല അരച്ച് അതിന്റെ ചാറുപയോഗിച്ചാല് മതിയെന്നൊരു വയ്പുണ്ട്. നാട്ടുചികിത്സ എന്ന രീതിയിലാണിത് മിക്കവരും ചെയ്യുന്നത്. ചില പഠനങ്ങള്‍ പപ്പായ ഇല ഇതിന് സഹായകമാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വളരെ കുറഞ്ഞ അളവിലേ ഇത് സഹായകമാവുകയുള്ളൂ എന്നും ഇതേ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം നാട്ടുചികിത്സയില്‍ വിശ്വാസമര്‍പ്പിച്ച് നില്‍ക്കാതെ എളുപ്പത്തില്‍ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. രക്തകോശങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ചികിത്സ ആശുപത്രികളില്‍ നിന്ന് ഫലപ്രദമായി നേടുക.