ന്യൂഡൽഹി:നോട്ട് നിരോധനത്തിന് ശേഷം ആറ് വര്‍ഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറന്‍സി നോട്ടുകള്‍ വര്‍ദ്ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
2016 നവംബര്‍ എട്ടിന് നോട്ട് നിരോധിക്കുന്ന രാജ്യത്തെ പൗരന്മാരുടെ കൈയ്യിലുള്ളതിനേക്കാള്‍ 71.84% ശതമാനം കൂടുതലാണ് ഇപ്പോഴുള്ളത് എന്ന് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 നവംബര്‍ 4 ന് ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ അളവ് 17.7 ലക്ഷം കോടി രൂപയായിരുന്നു.
എന്നാൽ ഇപ്പോൾ (2022 ഒക്ടോബര്‍ വരെയുള്ള കണക്ക് അനുസരിച്ച്) ജനങ്ങളുടെ കൈയ്യില്‍ 30.88 ലക്ഷം കോടി രൂപയോളം കാര്‍സി നോട്ടുകള്‍ ഉണ്ട്.
പണ ഉപഭോഗം കുറച്ച് ഡിജിറ്റല്‍ പണമിടപാട് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ 8 ന് അര്‍ദ്ധരാത്രിയാണ് രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കിയത്. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു അന്ന്. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുകയും വിപണിയില്‍ പണത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു നോട്ട് നിരോധനത്തിന് പിന്നാലെയുള്ള വിശദീകരണം. മാത്രമല്ല, രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ നീക്കത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്.