ന്യൂഡല്‍ഹി: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പ്രതികളെയും സുപ്രീംകോടതി വെറുതെവിട്ടു. ഡല്‍ഹിയിലെ കോടതി വധശിക്ഷ വിധിച്ച കേസിലാണ് പ്രതികളായ രവികുമാര്‍, രാഹുല്‍, വിനോദ് എന്നിവരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്.
2012-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഡല്‍ഹി ഛാവ്ലയില്് 19 വയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഹരിയാനയിലെ വയലിലാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.
യുവതിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍, ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നും മൃതദേഹം ഹരിയാനയിലെ റോധായി ഗ്രാമത്തിലെ വയലില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2014 ഫെബ്രുവരിയിലാണ് കേസിലെ മൂന്ന് പ്രതികള്‍ക്കും ഡല്‍ഹിയിലെ കോടതി വധശിക്ഷ വിധിച്ചത്. അതേവര്‍ഷം ഓഗസ്റ്റ് 26-ന് ഡല്‍ഹി ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തിരുന്നു.