പാലാ : മണ്ഡല-മകരവിളക്ക് കാലത്ത് കടപ്പാട്ടൂരില്‍ അയ്യപ്പഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു.
കടപ്പാട്ടൂര്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഇന്ന് നടന്ന യോഗത്തില്‍ മാണി സി.കാപ്പന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തീര്‍ത്ഥാടക വാഹന ഗതാഗതം സുഗമമാക്കുന്നതിന് കൂടുതല്‍ പൊലീസിനെ വിന്യസിക്കും. മീനച്ചിലാറ്റില്‍ കടപ്പാട്ടൂര്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള കുളിക്കടവില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ബാരിക്കേഡുകള്‍ സ്ഥാപിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ക്ഷേത്രമൈതാനിയില്‍ പ്രവര്‍ത്തിക്കും. താത്ക്കാലിക കടകളിലേതുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.മണ്ഡലകാലയളവില്‍ വൈദ്യുതി മുടക്കംകൂടാതെ ലഭ്യമാക്കുന്നതിനും പാലത്തിന് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ പൂര്‍ണമായി തെളിക്കുന്നതിനും കെ.എസ്.ഇ.ബി. അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
ബൈപാസിലെ തെരുവുവിളക്കുകള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നും പണമടച്ച് പത്തുമാസം കഴിഞ്ഞിട്ടും ലൈറ്റുകള്‍ തെളിക്കാന്‍ നടപടി സ്വീകരിക്കാത്തതിനെ യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എ. രൂക്ഷമായി വിമര്‍ശിച്ചു. മണ്ഡലകാലത്തിന് മുമ്ബ് ലൈറ്റുകള്‍ തെളിയിച്ചിരിക്കണമെന്ന് എം.എല്‍.എ,കെ.എസ്.ഇ.ബി അധികൃതര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്കി.
ഹോട്ടലുകളിലെ അമിത വില നിയന്ത്രിക്കുന്നതിന് ആറ് ഭാഷകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം.
ജനറല്‍ ആശുപത്രിയില്‍ അയ്യപ്പഭക്തര്‍ക്കായി പ്രത്യേകം കൗണ്ടര്‍ തുറക്കും. 24 മണിക്കൂറും ആംബുലന്‍സ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതോടൊപ്പം ക്ഷേത്രസന്നിധിയില്‍ അലോപ്പതി,ആയൂര്‍വേദം, ഹോമിയോ ചിക്തിസാവിഭാഗങ്ങളുടെ കൗണ്ടറും പ്രവര്‍ത്തിക്കുമെന്ന് എംഎൽഎ അറിയിച്ചു.