കൊച്ചി: സര്‍വീസിനിടെ ഡീസല്‍ തീര്‍ന്നു വഴിയില്‍ കിടന്ന സ്വകാര്യ ബസിനെതിരേ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു. ആവശ്യത്തിന് ഇന്ധനം നിറയ്ക്കാതെ സര്‍വീസ് നടത്തിയെന്നതാണ് കുറ്റം. ഇരുപതോളം യാത്രക്കാരുമായി വൈറ്റിലയ്ക്ക് പോകുകയായിരുന്ന ‘ആന്‍സന്‍’ ബസാണ് ഡീസല്‍ തീര്‍ന്ന് റോഡില്‍ നിന്നത്.
ഇതോടെ തിരക്കേറിയ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ഡ്രൈവറും കണ്ടക്ടറും ക്യാനില്‍ ഡീസല്‍ വാങ്ങിക്കൊണ്ടു വന്നു നിറച്ചാണ് ബസ് മാറ്റിയത്. ഇത്രയും സമയം ഗതാഗതക്കുരുക്കുമുണ്ടായി.
ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഈ സമയത്ത് അതുവഴി വന്നതാണ് ബസിനു വിനയായത്. വഴിയില്‍ ഇന്ധനം തീരുന്നതും യാത്രക്കാരുമായി പമ്പിലെത്തി ഇന്ധനം നിറക്കുന്നതും നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.എം.നജീബ്, ഭരത് ചന്ദ്രന്‍, കെ.എസ്.സഗീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.