
റിയാദ്: സൗദി അറേബ്യയിൽ 19 ലക്ഷം ലഹരി ഗുളികകൾ പിടിച്ചെടുത്തു. സൗദി ലഹരി വിരുദ്ധ പൊലീസാണ് ഇവ പിടിച്ചെടുത്തത്. ഒമാനിലെ ലഹരി വിരുദ്ധ ഏജൻസിയും സൗദി കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് ലഹരി ഗുളികകൾ പിടിച്ചെടുത്തതെന്ന് നാർകോട്ടിക്സ് കൺട്രോൾ ജനറൽ വിഭാഗം വക്താവ് മേജർ മുഹമ്മദ് അൽ നജീദി പറഞ്ഞു.
റിയാദിലെ ഒരു വെയർഹൗസിൽ യന്ത്രങ്ങൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകൾ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ഷിപ്മെൻറ് സ്വീകരിക്കാനെത്തിയ ഒമ്പതു പേരെ പിടികൂടിയിട്ടുണ്ട്. മൂന്ന് സൗദി പൗരന്മാർ, ഒരു ഗൾഫ് സ്വദേശി, സിറിയൻ പ്രവാസി, രണ്ട് ബംഗ്ലാദേശികൾ, രണ്ട് പാകിസ്ഥാനി താമസക്കാർ എന്നിവരാണ് അറസ്റ്റിലായത്. അടുത്തിടെ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങൾ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ പരാജയപ്പെടുത്തിയിരുന്നു.






