KeralaNEWS

പുറത്താക്കാതിരിക്കാനുള്ള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്: മറുപടിയുമായി എംജി സർവ്വകലാശാല വിസിയും; ഹിയറിംഗിന് അവസരം നൽകണം

കോട്ടയം: പുറത്താക്കാതിരിക്കാനുള്ള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി എംജി സർവ്വകലാശാല വിസിയും. ഹിയറിംഗിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എംജി വിസിയുടെ മറുപടി. ഇതിനേടകം രണ്ട് വിസിമാരും ഒരു മുൻ വിസിയുമാണ് ഗവർണറുടെ നോട്ടീസിന് മറുപടി നൽകിയിട്ടുള്ളത്. നേരത്തെ പുറത്താക്കാതിരിക്കാനുള്ള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നില്ല.

എന്നാൽ അടിയന്തരമായി രാജിവെക്കാനുള്ള ഗവർണറുടെ കത്തിനെ ദീപാവലി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെ മറികടക്കാൻ വിസിമാർക്ക് കഴിഞ്ഞിരുന്നു. തൽസ്ഥാനത്ത് തുടരാൻ ഹൈക്കോടതി അനുവദിച്ചെങ്കിലും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി അവസാനിക്കുമ്പോഴാണ് എംജി വിസിയുടെ മറുപടി എത്തുന്നത്. നേരത്തെ ഗവർണറുടെ നോട്ടീസിന് മറുപടി നൽകാതെയാണ് 7 വിസിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുറത്താക്കാതിരിക്കാനുള്ള ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ തിങ്കളാഴ്ച വൈകിട്ട് 5ന് മുമ്പ് വിസിമാർ മറുപടി നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Signature-ad

വൈസ് ചാൻസലർ നിയമനത്തിൽ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താൻ ചാൻസലർക്ക് അധികാരമില്ലെന്നുമായിരുന്നു വിസി മാർ വാദിച്ചത്. മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. പദവി ഒഴിയണമെന്ന നിർദേശം അവഗണിച്ച വിസിമാരുടെ ശമ്പളം തിരിച്ചുപിടിക്കുമെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതിക സർവകലാശാലാ വി.സി നിയമനം ചട്ടപ്രകാരമല്ലെന്നു വിലയിരുത്തി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഇവരുടെ നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ചട്ടങ്ങൾ പാലിച്ചു നടത്തിയ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേരള സർവകലാശാല മുൻ വി.സി ഡോ.വി.പി. മഹാദേവൻ പിളള, എം.ജി സർവകലാശാല വി.സി ഡോ. സാബു തോമസ്, കുസാറ്റ് വി.സി ഡോ. കെ.എൻ. മധുസൂദനൻ, കുഫോസ് വി.സി ഡോ. കെ. റിജി ജോൺ, കാലടി സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ, കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജ്, മലയാളം സർവകലാശാലാ വി.സി ഡോ. വി. അനിൽകുമാർ, കണ്ണൂർ സർവകലാശാലാ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവർ കോടതിയെ സമീപിച്ചത്.

Back to top button
error: