പാലക്കാട്: പട്ടാമ്പി പോക്സോ കോടതിയില്‍നിന്നു ചാടിപ്പോയ പ്രതി പിടിയിലായി. കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസനെ (39) ആണ് പിടികൂടിയത്.
പോക്സോ കേസില്‍ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. വിധിക്ക് പിന്നാലെ ജയിലിലേക്ക് പോകാനായി കോടതി വരാന്തയില്‍ നില്‍ക്കെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ മുങ്ങിയത്.
59 ദിവസത്തിന് ശേഷം കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നാണ് ഹരിദാസനെ പോലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാണിച്ച കേസിലാണ് ഹരിദാസനെ കോടതി ശിക്ഷിച്ചത്.
പട്ടാമ്പി പോക്സോ അതിവേഗകോടതി ഹരിദാസന് തടവിന് പുറമെ, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം.