തിരുവല്ല: വർഷങ്ങൾനീണ്ട കാത്തിരിപ്പിന് വിട. പട്ടിത്താനം-മണർകാട് ബൈപ്പാസ് പൂർണതോതിൽ യാഥാർഥ്യമാകുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ജനകീയ ഉത്സവമാക്കി ബൈപ്പാസ് ഉദ്ഘാടനം ചെയ്യും.
ബൈപാസ് വഴി ഗതാഗതം ആരംഭിക്കുന്നതോടെ വാഹനങ്ങൾക്ക് എംസി റോഡിൽ പട്ടിത്താനത്തു നിന്നു തിരിഞ്ഞ് ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി തിരുവല്ല പെരുന്തുരുത്തി കവലയിൽ എത്തിച്ചേരാനാകും. ഇതോടെ കോട്ടയത്തുനിന്നും തെക്കൻ ജില്ലകളിലേക്കുള്ള യാത്ര ഇനി എളുപ്പമാകും.
എംസി റോഡിൽ പട്ടിത്താനം കവലയിൽ നിന്ന് ആരംഭിക്കുന്ന ബൈപാസിന് പട്ടിത്താനം-പെരുന്തുരുത്തി ബൈപാസ് എന്നാണ് പൂർണമായ പേര്. ഇതിന്റെ ഭാഗമായി ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത പട്ടിത്താനം-മണർകാട് ബൈപ്പാസ് മൂന്നരപ്പതിറ്റാണ്ടിനുശേഷമാണ് പൂർത്തിയാകുന്നത്. പട്ടിത്താനത്തു നിന്ന് മണർകാട് കവലയിൽ എത്തിച്ചേരുന്ന വാഹനങ്ങൾക്ക് പുതുപ്പള്ളി, തെങ്ങണ, നാലുകോടി വഴി എംസി റോഡിലെ പെരുന്തുരുത്തി കവലയിൽ എത്തിച്ചേരാം. മണർകാട് കവല കെകെ റോഡിന്റെ ഭാഗമായതിനാൽ കോട്ടയം -കുമളി റോഡിലേക്കും പ്രവേശിക്കാൻ കഴിയും.