കള്ളൻ എന്താണ് ഭഗവാനോട് പ്രാർത്ഥിച്ചതെന്നറിയില്ല. എന്തായാലും ഭഗവാൻ പ്രസാദിച്ചു. ആലപ്പുഴയിലെ അരൂർ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിൽ മോഷണം നടത്താനെത്തിയ കള്ളൻ ശ്രീകോവിലിന് മുന്നിൽ തൊഴുത് പ്രാർത്ഥിച്ചു. പിന്നീട് തിരവാഭരണം, കിരീടം, സ്വർണക്കൂട് എന്നിവ മോഷ്ടിച്ചു കൊണ്ട് മുങ്ങി. മോഷണത്തിന് മുൻപ് ശ്രീകോവിലിന് മുന്നിൽ തൊഴുത് പ്രാർത്ഥിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരുമണിക്കായിരുന്നു സംഭവം. മുണ്ടും ഷർട്ടും ധരിച്ച് മുഖംമൂടിയണിഞ്ഞാണ് മോഷ്‌ടാവെത്തിയത്. ശ്രീകോവിൽ തകർത്താണ് കള്ളൻ അകത്ത് പ്രവേശിച്ചത്.
രാവിലെ ക്ഷേത്ര ഭാരവാഹികൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പത്ത് പവന്റെ തിരുവാഭരണമാണ് മോഷ്ടിച്ചെന്ന് അധികൃതർ അറിയിച്ചു. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.