LocalNEWS

മഞ്ഞൾ ഗ്രാമമാകാൻ ചെമ്പിലോട്: ശുദ്ധമായ മഞ്ഞൾ ലഭ്യമാക്കുക, ഔഷധ ഗുണം പ്രചരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം

മഞ്ഞൾ ഗ്രാമമെന്ന പ്രതാപം തിരിച്ചുപിടിക്കാൻ ഒരുങ്ങി ചെമ്പിലോട് ഗ്രാമപഞ്ചായത്ത്. ഇതിനായി മഞ്ഞൾ ഗ്രാമം പദ്ധതിയിലൂടെ 4000 കിലോ വിത്ത് പഞ്ചായത്ത് വിതരണം ചെയ്യും. അഞ്ഞൂറിലധികം കർഷകരാണ് ആദ്യഘട്ടത്തിൽ ഇതിന്റെ ഭാഗമാകുക. നേരത്തെ, മഞ്ഞൾ കൃഷിയാൽ സമ്പന്നമായിരുന്നു ചെമ്പിലോട്. ഈ പ്രതാപം തിരിച്ചുപിടിക്കുക, പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക, ശുദ്ധമായ മഞ്ഞൾ ലഭ്യമാക്കുക, ഔഷധ ഗുണം പ്രചരിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി 2022-’23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിക്കും. ഗ്രാമസഭകൾ വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. അപേക്ഷിച്ചവർക്ക് നവംബർ ആദ്യവാരം മഞ്ഞൾ വിത്തിന്റെ കിറ്റ് നൽകും. വ്യക്തികൾക്കും സംഘങ്ങൾക്കും കൃഷി ചെയ്യാം. സ്ഥല സൗകര്യത്തിന് അനുസരിച്ചാണ് വിത്ത് സൗജന്യമായി നൽകുക. ഒരേ കാലയളവിൽ വിളവെടുക്കാൻ സാധിക്കും വിധം ജൈവരീതിയിലാണ് കൃഷി ചെയ്യേണ്ടത്. ആവശ്യമായ മാർഗനിർദേശങ്ങൾ വിവിധ ഘട്ടങ്ങളിൽ പഞ്ചായത്തും കൃഷി ഭവനും നൽകും. ഗ്രാമച്ചന്ത വഴി മഞ്ഞളിന്റെ വിപണി ഉറപ്പാക്കുമെന്നും ഇതിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ. ദാമോദരൻ പറഞ്ഞു.

Back to top button
error: