ബെംഗളൂരു: മഠത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായിരുന്നതായി കര്‍ണാടക പൊലീസ്. അജ്ഞാതയായ ഒരു സ്ത്രീയാണ് മരണത്തിന് പിന്നില്ലെന്ന് ആത്മഹത്യാക്കിറിപ്പില്‍ സ്വാമി ബസവലിംഗ വ്യക്തമാക്കിയിരുന്നു. ബസവലിംഗയുമായുള്ള വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് ഈ സ്ത്രീയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാം എന്ന് പൊലീസ് സംശയിക്കുന്നു. ലിംഗായത്ത് മഠത്തില്‍ നിന്ന് പുറത്താക്കാന്‍ ഒരു സത്രീ അടക്കം തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മഠത്തിലെ തന്നെ രണ്ട് പേരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
ലിംഗായത്ത് മഠാധിപതിയായ ബസവലിംഗ സ്വാമിയെ തിങ്കളാഴ്ചയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഏറെ വൈകിയിട്ടും മുറി തുറക്കാതെ വന്നതോടെ ജീവനക്കാർ മുറി തുറന്ന് പരിശോധിച്ചു. ഇതോടെയാണ് തൂങ്ങിയ നിലയിൽ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം മുറിയിൽ സ്വാമിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തുകയായിരുന്നു. ഈ കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ജീവനൊടുക്കും മുമ്പെഴുതിയ ആത്മഹത്യാ കുറിപ്പിൽ പരാമർശമുള്ള രണ്ടുപേർ മഠവുമായി നേരിട്ട് ബന്ധപ്പെട്ടവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. നേരത്തെ സ്വാമി ഒരു യുവതിയുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ഇത് സ്ക്രീൻ റെക്കോർഡായി സൂക്ഷിക്കുകയും, വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. എന്നാൽ യുവതിയെ കുറിച്ച് ആത്മഹത്യാ കുറിപ്പിൽ കൂടുതൽ വിവരങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു അജ്ഞാത യുവതിയാണ് ഇത്തരത്തിൽ തന്നോട് ചെയ്തതെന്നാണ് കുറിപ്പിൽ പറയുന്നത്. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വൈകാതെ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.