താമരശേരിയിലെ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പ്രതികളെ പിടികൂടി. ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അഷ്റഫിനെ തട്ടിക്കൊണ്ടു പോയവരിൽ മുക്കം കൊടിയത്തൂർ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദ് ജൗഹർ എന്നിവരാണ് അറസ്റ്റിലായത്.
തട്ടിക്കൊണ്ട് പോയ അഷ്റഫ് ഇന്നലെ രാത്രിയോടെ വീട്ടിലെത്തി. ആറ് പേർ ചേർന്നാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും സംഘം ക്രൂരമായി മർദ്ദിച്ചു എന്നും അഷ്റഫ് പറഞ്ഞു. തട്ടികൊണ്ടുപോകലിന് പിന്നിൽ കൊടിയത്തൂര്‍ സ്വദേശി അലി ഉബൈറാമിന്റെ സംഘമാണെന്ന് അഷ്റഫ് പറയുന്നു. കണ്ണ് കെട്ടിയശേഷമാണ് കൊണ്ടുപോയത്. യാത്രക്കിടെ വാഹനങ്ങള്‍ മാറി എന്നും അഷ്റഫ് പറഞ്ഞു.
ഇവരുടെ സഹോദരനും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്റഫിന്റെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത് മലപ്പുറം സ്വദേശി മുഹമ്മദ് ജൗഹർ ആണ്. ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.