ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നതിനിടെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സന് പിന്തുണ ഏറുന്നു. അദ്ദേത്തിനു കീഴിയില്‍ ആഭ്യന്തര സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലാണ് ഒടുവില്‍ ബോറിസ് ജോണ്സന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രിയാകാന്‍ ബോറിസ് ജോണ്‍സനാണ് ഏറ്റവും യോഗ്യനെന്ന് അവര്‍ പറഞ്ഞു.
”ശരിയായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുണ്ടെന്നും പ്രകടനപത്രികയനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ബോറിസ് തെളിയിച്ചതാണ്. അതുകൊണ്ടു തന്നെ ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. ബോറിസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരിച്ചുവരണം. ബ്രിട്ടനെ ശക്തിപ്പെടുത്താനും കൂടുതല്‍ സമൃദ്ധിയിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കും.” എന്നാണ് പ്രീതി ട്വീറ്റ് ചെയ്തത്.
വിദേശത്തെ അവധിയാഘോഷം അവസാനിപ്പിച്ച് ലണ്ടനില്‍ ബോറിസ് തിരിച്ചെത്തിയതിനു പിന്നാലെയാണ് പ്രീതി അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത്. അധികാരത്തിലേറി 44 ദിവസം മാത്രം തികയുമ്പോഴാണ് ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. ഇതിനു പിന്നാലെ ലിസ് ട്രസുമായി മത്സരരംഗത്തുണ്ടായിരുന്ന ഇന്ത്യന്‍ വംശജന് ഋഷി സുനകിന് വീണ്ടും സാധ്യതയേറിയിരുന്നു. അതിനിടെ, തന്നെ പ്രധാനമന്ത്രിയാക്കാന്‍ സഹകരിക്കണമെന്ന് സുനകിനോട് ബോറിസ് ജോണ്സന് ആവശ്യപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
2019 ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ ബോറിസ് ജോണ്സന് കോവിഡ് ലോക്ഡൗണ്‍ സമയത്ത് പാര്‍ട്ടി നടത്തിയത് ഉള്‍പ്പെടെ തുടരെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. മന്ത്രിസഭയിലെ 50 പേര് രാജിവച്ചൊഴിയുകയും പാര്‍ട്ടി എം.പിമാരില്‍ ഭൂരിപക്ഷവും എതിരാവുകയും ചെയ്തതോടെ രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ലിസ് ട്രസ് അധികാരത്തില്‍വന്നത്.
വിവാദങ്ങളില്‍പ്പെട്ട് രാജിവയ്ക്കേണ്ടി വന്നെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഇപ്പോഴും ബോറിസ് ജോണ്സന് പ്രിയനാണ്. എന്നാല്‍, പ്രധാനമന്ത്രിയുമാകാനുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 100 പാര്‍ട്ടി എം.പിമാരുടെയെങ്കിലും പിന്തുണ വേണമെന്ന വ്യവസ്ഥ ബോറിസിന് തിരിച്ചടിയായേക്കും. ആകെയുള്ള 357 എം.പിമാരില്‍ കൂടിവന്നാല്‍ 50 പേര് ജോണ്‍സനൊപ്പം നിന്നേക്കാമെന്നാണ് ഇതുവരെയുള്ള ചിത്രം വ്യക്തമാക്കുന്നത്.