Breaking NewsLead NewsNEWSWorld

ഇസ്രയേലിന് കടുത്ത അതൃപ്തി? ഇറാൻ- അമേരിക്ക സീസ്ഫയർ പ്രഖ്യാപിക്കും മുൻപ് ആക്രമണത്തിന് പദ്ധതിയിട്ട് ഇസ്രയേൽ!! അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക- തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കാൻ നിർദ്ദേശം നൽകി നെതന്യാ​ഹു…

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക വേഗത്തിൽ സീസ്ഫയർ പ്രഖ്യാപിക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ, ഇസ്രയേൽ കടുത്ത ആശങ്കയിൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനാൽ, യുദ്ധം നിർണായക ഘട്ടത്തിലെത്തിയിരിക്കെ ഇത് ഇസ്രയേലിന്റെ സൈനിക ലക്ഷ്യങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ തകർക്കുന്നതിന് മുമ്പ് ഡൊണാൾഡ് ട്രംപ് ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ഇസ്രായേൽ ആശങ്കപ്പെടുന്നു എന്ന് ടെൽ അവീവ് മേഖലയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച തന്നെ ഒരു കരാർ പ്രഖ്യാപിക്കപ്പെടുമെന്ന് ടെൽ അവീവ് ആശങ്കപ്പെടുന്നതായും റിപ്പോർട്ടുണ്ട്. മാത്രമല്ല 15 പോയിന്റ് സമാധാന നിർദ്ദേശത്തോടുള്ള ടെഹ്‌റാന്റെ പ്രതിബദ്ധത ‘ശരിയായി മനസ്സിലാക്കാതെ’ യുഎസ് കരാറിൽ ഒപ്പുവെക്കുമെന്ന് ഇസ്രയേൽ വിശ്വസിക്കുന്നു.

Signature-ad

അതേസമയം യുഎസിന്റെ നിർദേശങ്ങൾ ഇറാൻ തള്ളി, പകരമായി ഇറാൻ സ്വന്തമായി അഞ്ച്-പോയിന്റ് പദ്ധതി മുന്നോട്ട് വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, സമഗ്രമായ കരാർ ഉടൻ ഉണ്ടാകാൻ സാധ്യത കുറവാണെങ്കിലും ഒരു പൊതുവായ സീസ്ഫയർ ഫ്രെയിംവർക്ക് ഉണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ഇതിനിടെ അടക്കമുള്ള ഉന്നത തല നേതാക്കൾ സൈന്യത്തിന് അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക- തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈൽ ശേഷിയും പൂർണ്ണമായി തകർക്കുക എന്നതാണ് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം.

ഇസ്രയേൽ ഈ യുദ്ധത്തെ ഇറാന്റെ ‘ആക്സിസ് ഓഫ് റെസിസ്റ്റൻസ്’ എന്നറിയപ്പെടുന്ന മേഖലാ സ്വാധീനം തകർക്കാനുള്ള അപൂർവ അവസരമായി കാണുന്നു. ഇതിലൂടെ ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ ഗ്രൂപ്പുകളുടെ ശക്തി കുറയ്ക്കാനും കഴിയുമെന്നാണ് കരുതുന്നത്. അതിനാൽ, അമേരിക്കയുടെ നേതൃത്വത്തിലുള്ള വേഗത്തിലുള്ള സീസ്ഫയർ നീക്കം ഇസ്രയേലിന്റെ ദീർഘകാല സുരക്ഷാ തന്ത്രങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം സീസ്ഫയർ പ്രഖ്യാപിച്ചാലും അത് ഇസ്രയേൽ ഉടൻ പാലിക്കുമെന്നുറപ്പില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മുമ്പ് ഗാസയിലും ഇറാനുമായുള്ള സംഘർഷങ്ങളിലും സമാധാന കരാറുകൾ പ്രഖ്യാപിച്ച ശേഷവും ഇസ്രയേൽ ആക്രമണം തുടരുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേ രീതിയിൽ ഇത്തവണയും സൈനിക നടപടി തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ അമേരിക്കയ്ക്കുള്ള ആഭ്യന്തര സമ്മർദ്ദം വർധിച്ചുവരികയാണ്. യുദ്ധം നീണ്ടുനിൽക്കുന്നതിനാൽ ആഗോള ഇന്ധനവില ഉയരുകയും ഭക്ഷ്യവിലയിൽ വർധനവുണ്ടാകുകയും ചെയ്യുന്നത് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയാകുന്നു. ജനപ്രീതി കുറയുന്നതും നവംബർ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്നതും വേഗത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദ്ദം വർധിപ്പിക്കുന്നുണ്ട്. ദീർഘകാല ‘ഫോറേവർ വാർ’കളിൽ നിന്ന് വിട്ടുനിൽക്കാമെന്ന ട്രംപിന്റെ വാഗ്ദാനവും ഇതിൽ നിർണായക ഘടകമാണ്.

ഇസ്രയേൽ- അമേരിക്ക തന്ത്രപരമായ ഭിന്നത മറനീക്കി പുറത്ത്

നെതന്യാഹുവിന്റെ പുതിയ ആഹ്വാനത്തോടെ ഇസ്രയേലും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ഭിന്നത ഇതോടെ കൂടുതൽ വ്യക്തമായിരിക്കുകയാണ്. അമേരിക്ക സീസ്ഫയർ പ്രഖ്യാപിച്ചാൽ അത് ഇസ്രയേൽ അവഗണിക്കുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ, ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ കടുത്ത വിള്ളൽ വീഴ്ത്താൻ ഇടയായേക്കും. മറുസൈഡിൽ ഈ യുദ്ധം തുടർന്നാൽ ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എണ്ണവില ബാരലിന് 120 മുതൽ 150 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്. മധ്യപൂർവ ദേശത്തെ ഊർജ വിതരണ ശൃംഖല തകരുകയും, പുനർനിർമ്മാണ ചെലവ് ബില്യൺ ഡോളറുകൾ കടക്കുകയും ചെയ്യും. അതേസമയം, സാധാരണ ജനങ്ങൾ ഉൾപ്പെടെയുള്ള മരണസംഖ്യയും കുത്തനെ ഉയരാനിടയുണ്ട്.

ഇതിനിടെ, അമേരിക്ക ഇറാനുമായി, ശരിയായ ആളുകളുമായി ചർച്ച നടത്തുന്നുവെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നത് തങ്ങളുടെ നിബന്ധനകൾ പാലിക്കപ്പെട്ട ശേഷമേയുള്ളുവെന്ന് ഉറച്ച നിലപാട് തുടരുകയാണ്.

എല്ലാം കൂടി നോക്കിയാൽ ഒരു സൈഡിൽ അമേരിക്ക വേഗത്തിൽ സമാധാനത്തിലേക്ക് നീങ്ങുന്നു, മറുസൈഡിൽ ഇസ്രയേൽ സൈനികമായി നിർണായക വിജയം ലക്ഷ്യമിടുന്നു. ഇതിനെല്ലാമപ്പുറം ഇറാൻ സ്വന്തം വ്യവസ്ഥകൾ ഉറപ്പാക്കാൻ ശ്രമിക്കുന്നു. ഇതോടെ വരും ദിവസങ്ങൾ മധ്യപൂർവേഷ്യയിലെ സാഹചര്യം നിർണായകമായി മാറ്റാനിടയുള്ളവയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: