അവരെക്കുറിച്ച് അന്നേ ഞാൻ പറഞ്ഞതല്ലേ: അന്നാരും വിശ്വസിച്ചില്ലല്ലോ: ഇനിയെങ്കിലും ഒന്ന് വിശ്വസിക്കുവെന്ന് പത്മജ വേണുഗോപാൽ

തൃശൂർ: മേയർ സ്ഥാനത്തിനു വേണ്ടി കോൺഗ്രസിൽ അടിയും ഇടിയും നടക്കുമ്പോൾ കോൺഗ്രസ് വിട്ടുപോയവർ ചിരിക്കുകയാണ്.
ജനം ജയിപ്പിച്ചു വിട്ടാലും അധികാരത്തിലേറാൻ അടിപിടിയും കടിപിടിയും കൂടുന്ന കോൺഗ്രസുകാർ എത്രയൊക്കെ പഠിച്ചാലും കൊണ്ടാലും വഴിക്ക് പോകില്ല എന്നാണ് വോട്ടർമാർക്ക് മനസ്സിലാകുന്നത്.
കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജാ വേണുഗോപാൽ എന്ന കരുണാകര പുത്രി അച്ഛന്റെ തട്ടകമായ തൃശൂരിൽ കോൺഗ്രസ് തമ്മിലടിക്കുന്നത് കണ്ട് അന്ന് താൻ പറഞ്ഞതെല്ലാം സത്യമായില്ലേ എന്ന് ചോദിക്കുകയാണ്.
മേയർ സംബന്ധിച്ച് തൃശ്ശൂരിൽ ഉടലെടുത്തിട്ടുള്ള വാക്കു തർക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഒന്നും പുതിയതല്ല എന്നാണ് പത്മജ പറയുന്നത്.
അവരെക്കുറിച്ചൊക്കെ അന്ന് ഞാൻ പറഞ്ഞതല്ലേ അന്ന് ആരും വിശ്വസിച്ചില്ലല്ലോ ഇനിയെങ്കിലും ഒന്ന് വിശ്വസിക്കു എന്നാണ് പത്മജയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഓരോ ദിവസം ഓരോ വാർത്തകൾ. മേയർ സ്ഥാനത്തെ ചൊല്ലി കൊച്ചിയിൽ അടി, തൃശ്ശൂരിൽ അടി. ഇവർക്ക് വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങളെ കളിയാക്കുകയല്ലേ ഇവർ ചെയ്യുന്നത്.
ഇന്ന് തൃശ്ശൂരിൽ ഒരു കൗൺസിലരുടെ പത്രസമ്മേളനം കണ്ടു. കുറേ വർഷങ്ങൾ ആ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന വ്യക്തി എന്നാ നിലയിൽ അവർ പറഞ്ഞതെല്ലാം സത്യം ആണെന്ന് എനിക്കറിയാം. ഈ ആരോപണം അന്ന് ഞാൻ പറഞ്ഞ വ്യക്തികളെ കുറിച്ചാണ്. അന്ന് ഞാൻ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല ഇനിയെങ്കിലും ഇതൊക്കെ ജനങ്ങൾക്ക് മനസ്സിലാകും എന്ന് വിശ്വസിക്കാം അല്ലെ ?






