വെള്ളിത്തിരയിലെ ശുദ്ധഹാസ്യത്തിന്റെ ശ്രീത്വം മറഞ്ഞു; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു; വേര്‍പാടിന്റെ വേദനയില്‍ സിനിമാലോകം; ചിരിയും ചിന്തയും കോര്‍ത്തിണക്കിയ അരനൂറ്റാണ്ട്

കൊച്ചി: മലയാള സിനിമയിലെ ശുദ്ധഹാസ്യത്തിന്റെ ശ്രീത്വം മറഞ്ഞു – ചിരിയും ചിന്തയും കൊണ്ട് മലയാളി പ്രേക്ഷകരെ അരനൂറ്റാണ്ട് രസിപ്പിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു.
ഇന്നുരാവിലെ കൊച്ചിയിലായിരുന്നു അന്ത്യം.
രാവിലെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു.
ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോള്‍ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു.
നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.
സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ് ശ്രീനിവാസന്‍. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.
സന്മസുളളവര്‍ക്ക് സമാധാനം, ടി പി ബാലഗോപാലന്‍ എം എ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത,ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ് , അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍ ,ഞാന്‍ പ്രകാശന്‍ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കി.
പൂച്ചയ്‌ക്കൊരു മൂക്കുത്തിയാണ് ആദ്യ തിരക്കഥ. പ്രിയദര്‍ശനുമായി ചേര്‍ന്ന് ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു.സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍, 2018 ഡിസംബറില്‍ പുറത്തിറങ്ങിയ ‘ഞാന്‍ പ്രകാശന്‍’ആണ് ശ്രീനിവാസന്‍ ഏറ്റവും ഒടുവില്‍ തിരകഥ എഴുതിയ ചിത്രം.
1991ല്‍ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ സംസ്ഥാന,ദേശീയ പുരസ്‌കാരങ്ങള്‍ നേടി.വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ , നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്.






