ഇന്ത്യയെമ്പാടും ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; കാശ്മീരില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ പിടിയില്‍ ; ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയില്‍

ശ്രീനഗര്‍: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയൊട്ടാകെ സൈന്യം കനത്ത ജാഗ്രതയിലാണ്. രാജ്യവ്യാപകമായി ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്്.
അതിനിടെ ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരില്‍ നിന്ന് പിസ്റ്റളുകള്‍, ഗ്രനേഡുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു.
സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയില്‍ 22 ആര്‍ആര്‍, 179 ബിഎന്‍ സിആര്‍പിഎഫ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറില്‍ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേര്‍ പോലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് അക്ബര്‍ നജാറിന്റെ മകന്‍ ഷബീര്‍ അഹമ്മദ് നജാര്‍, ബ്രാത്ത് സോപോറില്‍ താമസിക്കുന്ന മുഹമ്മദ് സുല്‍ത്താന്‍ മിറിന്റെ മകന്‍ ഷബീര്‍ അഹമ്മദ് മിര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഒരു പിസ്റ്റള്‍, മാഗസിന്‍, 20 ലൈവ് റൗണ്ടുകള്‍, രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവയുള്‍പ്പെടെ ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്തു. പ്രദേശത്തെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട്, സോപോര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.






