ഷാഫിയെ മര്‍ദിച്ചെന്ന് ആരോപണം ഉയര്‍ന്ന സിഐ അഭിലാഷിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി; രേഖ പുറത്ത്; ‘കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി തൃപ്തികര’മെന്ന് വിലയിരുത്തി നടപടി

തിരുവനന്തപുരം: പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മർദിച്ചെന്ന ആരോപണം നേരിടുന്ന ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ നേരത്തെ പൊലീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും രക്ഷിച്ചത് അന്നത്തെ ഡിജിപിയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
ശ്രീകാര്യം സി ഐ ആയിരുന്ന സമയത്ത് ലൈംഗിക പീഡനക്കേസ് പണം വാങ്ങി അട്ടിമറിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കമ്മീഷണർ ആയിരുന്ന സി.എച്ച്.നാഗരാജുവാണ് അഭിലാഷിനെ പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് രണ്ടുവർഷത്തെ ശമ്പള വർദ്ധന തടയൽ എന്ന നടപടി മാത്രമാക്കി അന്നത്തെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ചുരുക്കി.
പിരിച്ചുവിടാനുള്ള കാരണം കാണിക്കൽ നോട്ടിസിന് അഭിലാഷ് നൽകിയ മറുപടി തൃപ്തികരമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. നടപടിക്ക് നിര്‍ദേശം വന്ന് ഒന്നര വര്‍ഷത്തിനുള്ളിലായിരുന്നു ഇത്. അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാൻ തീരുമാനിച്ച് കമ്മീഷണർ നൽകിയ റിപ്പോർട്ട് ലഭിച്ചു.
അതേസമയം, പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ സി.ഐ.അഭിലാഷ് ഡേവിഡ് മർദിച്ചെന്ന് ആവർത്തിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. ഷാഫിക്ക് മർദനം ഏൽക്കുമ്പോൾ അഭിലാഷിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പേരാമ്പ്ര ഡിവൈ.എസ്.പിയുടെ മൊഴിയുണ്ടെന്നും പ്രവീൺ കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. ആക്രമണത്തിന് നേതൃത്വം കൊടുത്ത പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര ഡിവൈ.എസ്.പി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തും. സംഘര്‍ഷത്തില്‍ ഷാഫി പറമ്പിലിന്‍റെ മൊഴിയും പൊലീസ് വൈകാതെ സ്വീകരിക്കും.






