Breaking NewsIndiaLead NewsWorld

ഗാസയില്‍ ഒന്നും അവസാനിച്ചിട്ടില്ല ; ട്രംപ് പോയതിന് തൊട്ടുപിന്നാലെ സമാധാന കരാര്‍ ലംഘിച്ച് ഇസ്രയേല്‍; ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്, ഇന്ന് മാത്രം ഒമ്പത് മരണം

ഗാസ: അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗാസാമുനമ്പില്‍ സമാധാനകരാര്‍ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഗാസ സിറ്റിയിലെ ഷുജയ്യ പ്രദേശത്താണ് ആക്രമണമുണ്ടായത്. ഇന്നു മാത്രം ഗാസയില്‍ ഒമ്പത് പേര്‍ മരണമടഞ്ഞതായും അനേകര്‍ക്ക് പരിക്കേറ്റതായിട്ടുമാണ് വിവരം.

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വടക്കന്‍ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകള്‍ തേടി അലയുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായ തെന്നാണ് വിവരം. എന്നാല്‍ പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളെയാണ് സൈന്യം വധിച്ചതെന്നാണ് മറ്റു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Signature-ad

ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഗാസ സിറ്റിയിലെ അഞ്ച് പേരുള്‍പ്പടെ ഇന്ന് ഇതുവരെമാത്രം ഒമ്പത് പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഖാന്‍ യൂനിസില്‍ ഡ്രോണ്‍ ആക്രമണ ത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

സമാധാനം ട്രംപ് ഉറപ്പു നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഇസ്രയേല്‍ ആക്രമണം. ഗാസയില്‍ സമാധാനം പുലര്‍ന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ പൂര്‍ത്തിയാകും മുമ്പ് ആക്രമണ റിപ്പോര്‍ട്ടുകളും വന്നു.

ഇസ്രയേല്‍- ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന് സമാധാന പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടും പ്രദേശത്ത് അക്രമം തുടരുകയാണ്. ഈജിപ്തില്‍ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ ട്രംപ് അടക്കമുള്ള നേതാക്കള്‍ ഒപ്പുവെച്ചിരുന്നു. യുഎസിന് പുറമെ ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവെച്ചത്.

ഇസ്രയേലും ഹമാസും കരാറിനെ അംഗീകരിച്ചെങ്കിലും ഒപ്പുവെച്ചിട്ടില്ല. കരാറിന് പിന്നാലെ ഹമാസ് തടവില്‍ ജീവനോടെ ഉണ്ടായിരുന്ന മുഴുവന്‍ ബന്ദികളെയും ഇസ്രയേലിന് കൈമാറിയിരുന്നു. ഇസ്രയേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ 154 പേരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ച 45 പലസ്തീനികളുടെ മൃതദേഹം റെഡ്ക്രോസ് മുഖാന്തരം ഇസ്രായേല്‍ കൈമാറി.

Back to top button
error: