വിട്ടുവീഴ്ചയില്ലാതെ ഹമാസും ഇസ്രയേലും; യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ നീളുന്നു; ആക്രമണവും കടുപ്പിച്ചു; യുദ്ധത്തിനായി രണ്ടുവര്‍ഷത്തിനിടെ അമേരിക്ക ഇസ്രയേലിന് നല്‍കിയത് 21.7 ബില്യണ്‍ ഡോളര്‍; ഇറാനെ ആക്രമിച്ചതും യുഎസ് ഡോളറിന്റെ ബലത്തില്‍

ന്യൂയോര്‍ക്ക്: ഗാസയില്‍ യുദ്ധം നടത്താന്‍ ഇസ്രയേലിനെ യു.എസ് അകമഴിഞ്ഞു സഹായിക്കുന്നതായി പഠനം. രണ്ടു വര്‍ഷത്തിനിടെ 21.7 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം യു.എസില്‍ നിന്നും ഇസ്രയേലിന് ലഭിച്ചു എന്നാണ് പുതിയ അക്കാദമിക് പഠനം ചൂണ്ടിക്കാട്ടുന്നത്. ജോ ബൈഡന്റെയും ഡൊണള്‍ഡ് ട്രംപിന്റെയും ഭരണ കാലത്തുള്ള സഹായത്തിന്റെ കണക്കാണിത്.
ഡെമോക്രാറ്റിക് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ അധികാരത്തിലിരുന്നപ്പോള്‍ യുദ്ധത്തിന്റെ ആദ്യ വര്‍ഷം 17.9 ബില്യണ്‍ ഡോളറാണ് (192,589 കോടി രൂപ) സഹായമായി നല്‍കിയത്. രണ്ടാം വര്‍ഷം 3.8 ബില്യണ്‍ ഡോളറും അമേരിക്ക ഇസ്രായേലിന് നല്‍കി. ചില സൈനിക സഹായങ്ങള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ക്വിന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റെസ്പോണ്‍സിബിള്‍ സ്റ്റേറ്റ്ക്രാഫ്റ്റുമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മധ്യേഷ്യയില്‍ സൈനിക സഹായത്തിനും നടപടികള്‍ക്കുമായി യു.എസ് 10 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ചെലവാക്കി എന്നാണ് ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ വാട്സണ്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സ് നടത്തിയ പഠനം പറയുന്നത്. യുഎസിന്റെ പണവും ആയുധവും ഉപയോഗിച്ചാണ് ഗാസയില്‍ യുദ്ധം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും ഇറാനെ ആക്രമിച്ചതും യെമനില്‍ ബോംബാക്രമണം നടത്തുന്നത് ഈ സഹായം കൊണ്ടാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
യെമനിലെ ഹൂതികള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണവും ഇറാന്റെ ആണവനിലയങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളും 9.65 ബില്യണ്‍ മുതല്‍ 12 ബില്യണ്‍ ഡോളര്‍ വരെ ചെലവ് വരുന്നതാണ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, 2023 ഒക്ടോബറിന് ശേഷം ഇസ്രയേലിന് നല്‍കിയ സാമ്പത്തിക സഹായം എത്രയെന്നതില്‍ യുഎസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ട്രംപിന്റെ നേതൃത്വത്തില്‍ ഗാസയില്‍ സമാധാനം കൊണ്ടുവരാനുള്ള പദ്ധതി നടപ്പാക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇസ്രയേല്‍, ഹമാസ് ഉദ്യോഗസ്ഥര്‍ ഈജിപ്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇരു വിഭാഗവും തമ്മില്‍ ചേര്‍ച്ചയില്‍ എത്താന്‍ ഇനിയും സമയമെടുക്കുമെന്നതു വ്യക്തമാണ്. ട്രംപിന്റെ പദ്ധതി തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ചില ആവശ്യങ്ങള്‍ മുന്നോട്ടു വച്ചു. എന്നാല്‍, വേഗത്തില്‍ കരാറിലെത്തുമെന്നു പ്രതീക്ഷ പുലര്‍ത്തിയ ട്രംപ്, ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സംഘം പുറപ്പെട്ടെന്നും ചൊവ്വാഴ്ച അറിയിച്ചു.
മുതിര്‍ന്ന ഹമാസ് നേതാവ് ഫവ്‌സി ബാര്‍ഹോമാണ് ഹമാസിനുവേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. 2023 ഒക്‌ടോബര്‍ ഏഴിനു ഹമാസ് നടത്തിയ കണ്ണില്‍ ചോരയില്ലാത്ത ആക്രമണത്തിനു പിന്നാലെയാണു ഗാസയില്‍ യുദ്ധം ആരംഭിച്ചത്. ഇരുന്നൂറ്റമ്പതോളം ആളുകളെയാണു ബന്ദികളാക്കിയത്. നൂറുകണക്കിനു സ്ത്രീകളെ ബലാത്സംഗം ചെയ്തു. നിരവധി സ്ത്രീകളെ അര്‍ധനഗ്നരാക്കി റെയില്‍വേ പാളങ്ങളില്‍ ഇടുന്ന വീഡിയോ പങ്കുവച്ചതും ഹമാസ് തന്നെയാണ്. ഇസ്രയേലിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ഇത്. ഹിറ്റ്‌ലറുടെ വംശഹത്യക്കുശേഷം (ഹോളോകോസ്റ്റ്) ഏറ്റവും വലിയ ആക്രമണമെന്നാണ് ഇസ്രയേലിന്റെ നിലപാട്.
ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ പൂര്‍ണ പിന്‍മാറ്റവും യുദ്ധം അവസാനിപ്പിക്കലുമാണ് ഹമാസിന്റെ ആവശ്യം. ഇത് ഇസ്രയേല്‍ അംഗീകരിച്ചിട്ടില്ല. ഹമാസ് ആയുധംവച്ചു കീഴടങ്ങണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. ഇതു ഹമാസും അംഗീകരിക്കുന്നില്ല.
എന്നാല്‍, യുദ്ധം നിര്‍ത്തുന്നതിനൊപ്പം ബന്ദികളെ കൈമാറുന്നതിനുള്ള സുരക്ഷിത മാര്‍ഗം ഒരുക്കുന്നതുമാണ് അമേരിക്കയുടെ മുന്‍ഗണന. അതുപോലെ ഇസ്രയേലിലുള്ള പലസ്തീന്‍ തടവുകാരെ കൈമാറുകയും വേണം. എന്നാല്‍, നിരവധി കാര്യങ്ങളില്‍ ഇനിയും തെളിച്ചം ആവശ്യമാണെന്നാണു ഖത്തറിന്റെ നിലപാട്. ഒരു കരാറും പെട്ടെന്നു നടപ്പാക്കേണ്ടതില്ലെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടുന്നു.
ചര്‍ച്ചകള്‍ തുടരുമ്പോഴും ആക്രമണത്തില്‍ തെല്ലും കുറവുണ്ടായിട്ടില്ല. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ടാങ്കുകളും യുദ്ധ വിമാനങ്ങളും ബോട്ടുകളും ആക്രമണം അഴിച്ചുവിടുകയാണെന്നു ജനങ്ങള്‍ പറഞ്ഞു. ഇസ്രയേലിലേക്കു റോക്കറ്റ് അയച്ചെന്ന് ഇസ്രയേലും പറയുന്നു.
us-gives-21-7-billion-dollar-military-aid-to-israel-amid-gaza-war






