എന്‍എസ്എസില്‍ കലാപത്തിന് ശക്തികൂടുന്നു ; പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ സുകുമാരന്‍ നായര്‍ക്കെതിരേ പ്രമേയം പാസ്സാക്കി തലവടി ശ്രീദേവി വിലാസം കരയോഗം

ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതല്‍ സുകുമാരന്‍ നായര്‍ക്കെതിരെ എന്‍ എസ് എസില്‍ കലാപത്തിന് ശക്തി കൂടുന്നു. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മറ്റൊരു കരയോഗം കൂടി പ്രമേയം പാസാക്കി. കുട്ടനാട് താലൂക്ക് യൂണിയന്‍ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. സുകുമാരന്‍ നായര്‍ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം തലവടി ശ്രീദേവി വിലാസം 2280 നമ്പര്‍ കരയോഗമാണ് പാസാക്കിയത്.
പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ എന്‍ എസ് എസിനെ സ്വാര്‍ത്ഥ ലാഭത്തിനായി ഇടതുപക്ഷത്തിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇതോടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ഇടത് അനുകൂല നിലപാടിന് കരയോഗങ്ങളില്‍ നിന്നും എതിര്‍പ്പ് നേരിടുകയാണ്.
ഇടത് പിന്തുണയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളും വിമര്‍ശനങ്ങളും എന്‍ എസ് എസിനുള്ളില്‍ ദിനംപ്രതി ശക്തമാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ശ്രീദേവി വിലാസം കരയോഗത്തിന്റെ പ്രമേയം. നേരത്തേ പത്തനംതിട്ട ജില്ലയില്‍ നിന്നുമായിരുന്നു വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായതെങ്കില്‍ ഇപ്പോള്‍ മറ്റു ജില്ലകളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്.
അതേസമയം ശബരിമല വിഷയത്തില്‍ എന്‍ എസ് എസ് സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാന്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിളിച്ച യോഗം മാറ്റിവെച്ചു. പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്ത് നാളെ നടത്താന്‍ തീരുമാനിച്ച താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും അടിയന്തര യോഗമാണ് മാറ്റിയത്.
യോഗത്തില്‍ പങ്കെടുക്കുന്നതിന് ഭൂരിഭാഗം താലൂക്ക് യൂണിയന്‍ ഭാരവാഹികളും അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് പിന്നീട് ഒരു ദിവസത്തേക്ക് യോഗം മാറ്റിയത്. സര്‍ക്കാര്‍ അനുകൂല നിലപാടില്‍ ജനറല്‍ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ അടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ യോഗം വിളിച്ചത്.






