
ബാലരാമപുരത്ത് രണ്ടരവയസ്സുള്ള മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമ്മ ശ്രീതുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണത്തിനായി മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ശ്രീതുവിന്റെ സഹോദരനും കൊലക്കേസിലെ ഒന്നാംപ്രതിയുമായ ഹരികുമാറിനെ കസ്റ്റഡിയില്‍ കിട്ടാനും പോലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇത് നിരസിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടരവയസ്സുകാരിയുടെ കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെയും പോലീസ് അറസ്റ്റ്‌ചെയ്തത്. സൈബര്‍ സെല്ലിന്റെയും ശാസ്ത്രീയ പരിശോധനയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പാലക്കാടുനിന്നാണ് ബാലരാമപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ജനുവരിയിലാണ് ശ്രീതുവിന്റെ രണ്ടരവയസ്സുള്ള മകളെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. ഇതിനുപിന്നാലെ ഏവരെയും ഞെട്ടിച്ച മറ്റുവിവരങ്ങളും പുറത്തുവന്നു. ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് തടസമായതിനാലാണ് ഹരികുമാര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്സാപ്പ് ചാറ്റുകളടക്കം പരിശോധിച്ചതില്‍നിന്നാണ് ഇരുവരും തമ്മിലുണ്ടായിരുന്ന വഴിവിട്ടബന്ധം തെളിഞ്ഞത്. ഹരികുമാര്‍ മാത്രമാണ് കൊലക്കേസിലെ പ്രതിയെന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍. എന്നാല്‍, വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്. ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാര്‍ കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.






