വീട് റെഡി, ജോര്‍ജ്കുട്ടിയോ? ‘ദൃശ്യം3’ തുടങ്ങിയാല്‍ ജോസഫും കുടുംബവും ഒറ്റമുറിയിലേക്ക് ഒതുങ്ങും, 2013 ല്‍ തുടങ്ങിയ പതിവ്

ഇടുക്കി: ന്യൂഡല്‍ഹിയില്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ച മോഹന്‍ലാല്‍, ജോര്‍ജുകുട്ടിയായി തൊടുപുഴയിലേക്ക് എത്തുമ്പോള്‍ താമസിക്കാനുള്ള വീട് റെഡി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3ന്റെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ഉടന്‍ തൊടുപുഴയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച തന്നെ ഷൂട്ടിങ് തുടങ്ങും.
സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടി എന്ന കഥാപാത്രവും കുടുംബവും താമസിക്കുന്ന വഴിത്തല മടത്തിപ്പറമ്പില്‍ ജോസഫ് കുരുവിളയുടെ വീട്ടില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സിനിമ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ പെയ്ന്റിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായി.
2013ലാണ് ദൃശ്യം ആദ്യഭാഗത്തിന്റെ ഷൂട്ടിങ്ങിനായി വീട് നല്‍കിയത്. ജീത്തു ജോസഫ് നേരിട്ടെത്തിയാണ് ഷൂട്ടിങ്ങിനായി വീട് ചോദിച്ചത്. ആദ്യ രണ്ടു ഭാഗങ്ങളിലും 12 ദിവസം വീതമായിരുന്നു വീട് ഷൂട്ടിങ്ങിനായി നല്‍കിയത്. ഷൂട്ടിങ് തുടങ്ങിയാല്‍ വീടിനുള്ളിലെ ഒരു മുറിയില്‍ മാത്രമാകും ജോസഫും കുടുംബാംഗങ്ങളും താമസിക്കുക.
ബാക്കി സിനിമയ്ക്കായി വിട്ടു നല്‍കും. അടുക്കളയിലും ഷൂട്ടിങ് ഉള്ളതിനാല്‍ ഇവര്‍ക്കുള്ള ഭക്ഷണം സിനിമ കന്റീനില്‍ നിന്നാണ്. തൊടുപുഴ കൂടാതെ കാഞ്ഞാര്‍, വാഗമണ്‍ മേഖലകളിലും ദൃശ്യം 3ന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. തൊടുപുഴയില്‍ 30 ദിവസത്തെ ഷെഡ്യൂള്‍ നിലവിലുള്ളതായാണ് സൂചന. ഈ ആഴ്ച തുടക്കത്തില്‍ ആരംഭിക്കാനിരുന്ന ഷൂട്ടിങ് പുരസ്‌കാരച്ചടങ്ങിനെ തുടര്‍ന്ന് നീട്ടുകയായിരുന്നു.






