‘ഒരു മണിക്കൂര്‍ മുമ്പേ ട്രംപ് എല്ലാം അറിഞ്ഞു’; ദോഹ ആക്രമണത്തില്‍ വെളിപ്പെടുത്തലുമായി ഇസ്രയേല്‍ ഉന്നതര്‍; യുഎസിന്റെ ഒളിച്ചുകളി പുറത്ത്; നെതന്യാഹു സംസാരിച്ചത് രാവിലെ 7.45ന്

ടെല്‍അവീവ്: യുഎസിന്റെ ഉറ്റ ചങ്ങാതിയായ ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് താന്‍ അറിയാന്‍ വൈകിയെന്ന ട്രംപിന്റെ വാദം തള്ളി ഇസ്രയേലിലെ ഉന്നതര്‍. ദോഹയിലെ ഹമാസ് കേന്ദ്രം ആക്രമിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും രാവിലെ 7.45 ഓടെയാണ് ഇത് സംഭവിച്ചതെന്നും മാധ്യമപ്രവര്‍ത്തകനായ ബറാക് റാവിഡ് പറയുന്നു.
ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തെ കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും ആക്സിയോസിലെ റിപ്പോര്‍ട്ടില്‍ റാവിഡ് വിശദീകരിക്കുന്നു. ദോഹയിലെ ഹമാസ് നേതാക്കളെ ആക്രമിക്കാന്‍ പോകുന്നുവെന്നായിരുന്നു ആ സംഭാഷണത്തിന്റെ ഉള്ളടക്കമെന്നും തന്നോട് സംസാരിച്ചവരില്‍ മൂന്ന് പേര് രാവിലെ എട്ടുമണിയോടെയാണ് ട്രംപിന് ഫോണ്‍ സന്ദേശമെത്തിയതെന്ന് പറഞ്ഞപ്പോള്‍ അതല്ല, 7.45 ആണ് കൃത്യമായ സമയമെന്ന് ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയെന്നും റാവിഡ് കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ആക്രമണം നെതന്യാഹുവിന്റെ മാത്രം തീരുമാനമായിരുന്നുവെന്നും താന്‍ ഒന്നുമറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. ഇസ്രയേല്‍ വിമാനങ്ങള്‍ പറന്നു തുടങ്ങിയതിന് ശേഷം മാത്രമാണ് യുഎസ് സൈന്യം വിവരമറിഞ്ഞതും തന്നെ അറിയിച്ചതുമെന്നും അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നുവെന്നുമാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. മിസൈലുകള്‍ വിക്ഷേപിക്കപ്പെട്ട ശേഷമാണ് തങ്ങള്‍ വിവരമറിഞ്ഞതെന്നായിരുന്നു വൈറ്റ് ഹൗസിന്റെയും സ്ഥിരീകരണം.
ഇസ്രയേലിലെ ഒന്നിലേറെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ആക്സിയോസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആക്രമണത്തിന്റെ സമയം അതീവ രഹസ്യമായിരുന്നുവെങ്കിലും ബോംബിടുന്നതിന് മുന്‍പ് തന്നെ ട്രംപിനെ നെതന്യാഹു വിവരമറിയിച്ചിരുന്നുവെന്നാണ് എല്ലാവരും സമ്മതിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഖത്തര്‍ തലസ്ഥാനത്തുള്ള ഹമാസിന്റെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹമാസിന്റെ തലപ്പത്തുള്ളവരല്ലാത്ത അഞ്ച് അംഗങ്ങളും ഖത്തര്‍ പൗരനായ സുരക്ഷാജീവനക്കാരനും കൊല്ലപ്പെട്ടിരുന്നു. യുഎസിന്റെ അടുത്ത സഖ്യശക്തിയായ ഖത്തറില്‍ ഇത്തരത്തിലൊരു ആക്രമണത്തിന് ഇസ്രയേല്‍ തയാറായത് രാജ്യാന്തര തലത്തില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചത്.
ഇതിനിടെ ആക്രമണം അറിഞ്ഞില്ലെന്ന യുഎസ് വാദം കളവാണെന്നും യുഎസിന് പുറമെ ഖത്തറിനെയും സൗദിയുള്‍പ്പടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ഇസ്രയേല്‍ വിവരമറിയിച്ചിരുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ആരോപിച്ചിരുന്നു. തലസ്ഥാനത്ത്, അതും തന്ത്രപ്രധാന ജനവാസ മേഖലയില്‍ നടന്ന ആക്രമണം അറിഞ്ഞില്ലെന്ന് ഖത്തര്‍ പറയുന്നത് വിശ്വസനീയമല്ലെന്നും അറിഞ്ഞുകൊണ്ട് ആക്രമണത്തിന് അനുവദിച്ചതാണെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ആക്രമണത്തിന് ശേഷം ഖത്തര്‍ അടിയന്തര യോഗം വിളിക്കുകയോ, അപ്രതീക്ഷിത ആക്രമണത്തിലുണ്ടാകേണ്ട നടുക്കവും പ്രതികരണവും നടത്താതിരുന്നതും ഈ വാദങ്ങള്‍ക്ക് ബലം പകരുകയും ചെയ്തു.
ഇതിന് ശേഷമാണ് ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇസ്രയേല്‍ നടത്തിയതെന്നും ഇനിയൊരാക്രമണം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും യുഎസ് പ്രതികരിച്ചത്. അറബ് രാജ്യങ്ങളും ഖത്തറിന് നേരെയുള്ള ഇസ്രയേലിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ഖത്തറിനെയല്ല തങ്ങള്‍ ആക്രമിച്ചതെന്നും ഹമാസ് മാത്രമാണ് ലക്ഷ്യമെന്നുമായിരുന്നു ഇസ്രയേലിന്റെ വിശദീകരണം. ഖത്തറിന് ഹമാസുമായി അടുത്ത ബന്ധമുണ്ട്. ഹമാസിന് അഭയം നല്‍കുകയും സാമ്പത്തികമായി വളര്‍ത്തുകയും ചെയ്യുന്നത് ഖത്തറാണെന്നും അത് ചെയ്യാതിരിക്കുകയെന്ന മാര്‍ഗമാണ് ഖത്തറിന് മുന്നിലുള്ളതെന്നും നെതന്യാഹു കഴിഞ്ഞ ദിവസം പ്രതികരിച്ചു.
Netanyahu spoke to Trump before Israel bombed Qatar






