ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ കരസേന ആക്രമണം തുടങ്ങി; രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ ബോംബിംഗും വെടിവയ്പും; ഗാസയില്‍ കൂട്ടപ്പലായനം

ഗാസ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഗാസയിൽ കരസേനയുടെ ആക്രമണം ആരംഭിച്ചു. നഗരം കനത്ത ബോംബാക്രമണത്തിന് വിധേയമാക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിൽ ഇതുവരെ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്.) ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, കരസേന ഗാസ നഗരത്തിൻ്റെ ഉൾഭാഗത്തേക്ക് നീങ്ങുകയാണ്. ഏകദേശം 3,000 ഹമാസ് പോരാളികൾ ഇപ്പോഴും നഗരത്തിലുണ്ടെന്നാണ് ഐ.ഡി.എഫ്. കരുതുന്നത്. ഇവരെ നേരിടാൻ വരും ദിവസങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും ഐ.ഡി.എഫ്. അറിയിച്ചു.
കനത്ത ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് പലസ്തീനികൾ കാൽനടയായും വാഹനങ്ങളിലും കഴുത വണ്ടികളിലുമായി തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്യുകയാണ്. കെട്ടിട സമുച്ചയങ്ങളും പള്ളികളും സ്കൂളുകളും റോഡുകളും നശിപ്പിക്കപ്പെടുകയാണെന്ന് പലായനം ചെയ്യുന്ന അബു താമർ എന്ന 70-കാരൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ഗാസ നഗരത്തിൽ ഇപ്പോഴും ഏകദേശം 20 ലക്ഷത്തോളം പേർ അവശേഷിക്കുന്നുണ്ടെന്നാണ് ഹമാസിൻ്റെയും ഐ.ഡി.എഫിന്റെയും കണക്ക്.
ഇസ്രായേൽ സേനയെ പിൻവലിക്കണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. ഗാസയിലെ കരയാക്രമണം ഉടനടി അവസാനിപ്പിക്കണമെന്ന് യു.എൻ. മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. ഇത് യുദ്ധക്കുറ്റത്തിനും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും തെളിവുകളുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേലിന്റെ കടുത്ത നിലപാടിന് പിന്തുണ നൽകി. വെടിനിർത്തൽ ചർച്ചകൾ ഉപേക്ഷിച്ച് ഹമാസിനെ തകർക്കാൻ സൈനികമായി നീങ്ങാനുള്ള ഇസ്രായേൽ തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു.






