ട്രംപ് ഒരുപക്ഷേ ചൂടായേക്കും; ബാക്കിയെല്ലാം വെറും ഷോ! ട്രംപ്- നെതന്യാഹു ബന്ധത്തിലെ അന്തര്‍ധാര; ദേശീയ താത്പര്യങ്ങളുടെ കാര്യത്തില്‍ അമേരിക്കയെ വകവയ്ക്കാത്ത ഇസ്രയേല്‍; ഹിസ്ബുള്ളയ്‌ക്കെതിരായ പേജര്‍ ആക്രമണം മുതല്‍ ഖത്തര്‍ ബോംബിംഗ് വരെ
ചൊവ്വാഴ്ച നെതന്യാഹുവിനെ ഫോണില്‍വിളിച്ച ട്രംപ് ബോംബിങ്ങിനെക്കുറിച്ചു തന്നെ നേരിട്ട് അറിയിക്കാത്തതില്‍ പരിഭവിക്കുക മാത്രമാണുണ്ടായതെന്നു ചൂണ്ടിക്കാട്ടുന്നു. സൈനിക വൃത്തങ്ങളില്‍നിന്ന് ഇക്കാര്യം അറിയേണ്ടി വന്നതിലെ പിണക്കമായിരുന്നു ട്രംപിനുണ്ടായിരുന്നത്.

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും സുഹൃദ് രാജ്യമായിട്ടും ഖത്തറിനെതിരായ ആക്രമണത്തിന്റെ പ്രതികരണം ‘താന്‍ അസന്തുഷ്ടനാണ്’ എന്ന ഒറ്റ പ്രസ്താവനയില്‍ ഒതുക്കുകയാണ് ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരി ഡോണള്‍ഡ് ട്രംപ് ചെയ്തത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിനു വെറും നാലുമാസം മുമ്പാണ് ഖത്തര്‍ ഭരണകൂടത്തിലെ ഉന്നതരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയും പ്രതിരോധത്തിലടക്കം കരാറില്‍ എത്തുകയും ചെയ്തത്.
ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നു ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ പൊളിറ്റിക്കല്‍ ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ലോക രാഷ്ട്രങ്ങളെല്ലാം അപലപിക്കുകയും ചെയ്തു. പക്ഷേ, ആക്രമണത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതിനൊപ്പം ‘ഹമാസ് ഇല്ലാതാക്കപ്പെടേണ്ട തീവ്രവാദ പ്രസ്ഥാനമാണെന്ന’ പതിവു നിലപാട് ആവര്‍ത്തിക്കാന്‍ ട്രംപ് മറന്നില്ല. ഇതുകൊണ്ടൊന്നും ഇസ്രയേലുമായി അടിസ്ഥാനപരമായുള്ള ബന്ധത്തിലൊന്നും വിള്ളല്‍ വീഴില്ലെന്നാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളുമായും പശ്ചിമേഷ്യന്‍ ബന്ധങ്ങളില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബോംബിംഗിലൂടെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ഇടയിലുള്ള അന്തര്‍ധാരയെക്കുറിച്ചു വ്യക്തമായ സൂചന നല്‍കുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സൈനിക നടപടികളുടെ കാര്യത്തില്‍ ഇസ്രയേല്‍ ഒരുകാലത്തും അമേരിക്കയെ ഭയപ്പെട്ടിരുന്നില്ലെന്നും ഖത്തറില്‍ നടത്തിയ ബോംബിംഗിനെക്കുറിച്ചു മുന്‍കൂട്ടി അറിയിക്കാതിരുന്നതും ഇതുകൊണ്ടാണെന്ന് അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച നെതന്യാഹുവിനെ ഫോണില്‍വിളിച്ച ട്രംപ് ബോംബിങ്ങിനെക്കുറിച്ചു തന്നെ നേരിട്ട് അറിയിക്കാത്തതില്‍ പരിഭവിക്കുക മാത്രമാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൈനിക വൃത്തങ്ങളില്‍നിന്ന് ഇക്കാര്യം അറിയേണ്ടി വന്നതിലെ പിണക്കമായിരുന്നു ട്രംപിനുണ്ടായിരുന്നത്. ഖത്തര്‍ തങ്ങളുടെ ഏറ്റവും അടുത്ത ചങ്ങാതിയായിട്ടും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും ആക്രമണം അറിയിക്കാതിരുന്നതിലെ അസ്വസ്ഥതയും ട്രംപ് പങ്കുവച്ചു.
ഇതിനുമുമ്പ് സെപ്റ്റംബര്‍ 2024 ന് ഹിസ്ബുള്ളയുടെ ആയിരക്കണത്തിനു പേരെ പേജര്‍ പൊട്ടിത്തെറിയിലൂടെ വധിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തപ്പോഴും അതേക്കുറിച്ച് അന്നത്തെ പ്രസിഡന്റ് ജോ ബൈഡനെയും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. വര്‍ഷങ്ങളെടുത്ത് അതീവ രഹസ്യമായി മൊസാദ് നടപ്പാക്കിയ പദ്ധതി ലോകത്തിനുമുകളില്‍ കണ്ണുനട്ടിരിക്കുന്ന സിഐഎ പോലും അറിഞ്ഞില്ല. ട്രംപ് തന്റെ അതൃപ്തി അറിയിച്ചതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ഭരണവൃത്തങ്ങളെല്ലാം എക്കാലത്തും ഹമാസിനെതിരായ നീക്കത്തെ അനുകൂലിക്കുകയാണുണ്ടായിട്ടുള്ളത്. ഇറാനെതിരേ ആക്രമണം നടത്തിയപ്പോഴും അമേരിക്കയുടെ ഔദ്യോഗിക നിലപാട് മറ്റൊന്നായിരുന്നില്ല.
‘നെതന്യാഹുവിന്റെ തന്ത്രങ്ങളെക്കുറിച്ചു മാത്രമാണു ട്രംപിനു പരാതിയുള്ളതെന്നാണു താന്‍ കരുതുന്നതെന്നാണു’ കാര്‍ണി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാണല്‍ പീസിന്റെ ഫെലോയും മുതിര്‍ന്ന സമാധാന മധ്യസ്ഥനുമായ ആരോണ്‍ ഡേവിഡ് മില്ലര്‍ ചൂണ്ടിക്കാട്ടുന്നു. ഹമാസ് കേവലം തുളവീഴ്ത്തപ്പെടേണ്ട സംഘടന മാത്രമല്ലെന്നും മറിച്ച് തുടച്ചുനീക്കപ്പെടേണ്ടവരാണെന്നുമുള്ള നെതന്യാഹുവിന്റെ നിലപാടാണ് ട്രംപിനുമുള്ളതെന്നും അദ്ദേഹം അടിവരയിടുന്നു. ഇക്കാര്യം ട്രംപ് തന്റെ സോഷ്യല്‍ മീഡിയിലും കുറിച്ചു.
വാഷിംഗ്ടണ് കൂടുതല്‍ ‘സര്‍പ്രൈസ്’ നല്‍കാനാണു നെതന്യാഹുവിന്റെ നീക്കമെങ്കില്‍ അത് ട്രംപിന് അത്ര രുചിച്ചേക്കില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. എന്നാല്‍, അതുകൊണ്ടൊന്നും ഇസ്രയേലിന് അമേരിക്ക നല്‍കുന്ന രാഷ്ട്രീയ പിന്തുണ ഇല്ലാതാകില്ലെന്നും അവര്‍ പറയുന്നു. യൂറോപ്യന്‍, അറേബ്യന്‍ രാജ്യങ്ങള്‍ കടുത്ത നിലപാടെടുത്തപ്പോഴും ട്രംപിന്റെ നിലപാട് നെതന്യാഹുവിനോടു ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. 2023 ഒക്‌ബോര്‍ ഏഴിനു ഹമാസ് ഇസ്രയേലില്‍ നടത്തിയ കൂട്ടക്കൊലയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും ട്രംപ് ഇടയ്ക്കിടെ ലോകത്തെ ഓര്‍മിപ്പിക്കാറുമുണ്ട്.
അറബ് സുഹൃത്തുക്കള്‍ നെതന്യാഹുവിന്റെ നടപടിയെ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുമ്പോഴും ‘ഓകെ, നിങ്ങളുടെ അടുത്ത പദ്ധതിയെന്താണെന്നു പറയൂ’ എന്നായിരുന്നു ട്രംപിന്റെ മറുചോദ്യമെന്ന് ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍ ഭരണകര്‍ത്താക്കളുടെയും കാലത്ത് പശ്ചിമേഷ്യന്‍ മധ്യസ്ഥനായിരുന്ന ഡെന്നിസ് റോസ് പറയുന്നു. ഇറാന്റെ ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട ‘അബ്രഹാം അക്കോര്‍ഡില്‍’ കൂടുതല അറബ് രാജ്യങ്ങളെ പങ്കാളിയാക്കാനുള്ള ട്രംപിന്റെ നീക്കത്തിന് ഇസ്രയേലിന്റെ നടപടികള്‍ വിഘാതമായിട്ടുണ്ട്. ഇവരില്‍ ചിലര്‍ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം പോലും വിഛേദിച്ചിട്ടുണ്ട്. എന്നിട്ടും ഇസ്രയേല്‍- യുഎസ് ബന്ധത്തില്‍ വിള്ളലുണ്ടായിട്ടില്ലെന്നും മറിച്ച് ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുകയാണു ട്രംപ് ചെയ്തതെന്നും ഇസ്രയേലിന്റെ മുന്‍ യുഎസ് അംബാസഡര്‍ മൈക്കല്‍ ഓറിയനും പറയുന്നു.
ഠ ഉയര്‍ച്ചയും താഴ്ചയും
ട്രംപ്- നെതന്യാഹു ബന്ധത്തില്‍ എക്കാലത്തും ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. ഇസ്രയേലിനെ പാടേ അവഗണിച്ചാണു ട്രംപ് തന്റെ ആദ്യ യാത്രയില്‍ സൗദിയെയും ഖത്തറിനെയും യുഎഇയെയും ഉള്‍പ്പെടുത്തിയത്. ചിലര്‍ ഇതിനെ ഇസ്രയേലിനുള്ള മുഖത്തടിയായിട്ടാണു വിലയിരുത്തിയത്. പക്ഷേ, ഓഫീസില്‍ തിരിച്ചെത്തിയ ട്രംപ് തന്റെ മുന്‍ഗാമി ചെയ്തതെല്ലാം തെറ്റാണെന്നും ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നു പ്രഖ്യാപിക്കുകയുമാണുണ്ടായത്.
ആദ്യ യാത്രയില്‍ ട്രംപ് സിറിയയ്ക്കുള്ള വിലക്കുകള്‍ എടുത്തുമാറ്റുമെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ ഇസ്രയേല്‍ ഇതിനെതിരേ രംഗത്തുവന്നിരുന്നു. മുന്‍ അല്‍ ഖ്വയ്ദ കമാന്‍ഡര്‍കൂടിയായ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷരായെക്കുറിച്ചു മുന്നറിയിപ്പും നല്‍കി. പക്ഷേ, ഒരുമാസം കഴിഞ്ഞപ്പോള്‍ ട്രംപും നെതന്യാഹുവും വീണ്ടും ‘ഒക്കച്ചങ്ങായി’മാരായി. ഇസ്രായേല്‍ ഇറാനെതിരേ വ്യോമ യുദ്ധം ആരംഭിച്ചപ്പോള്‍ വിദേശ രാജ്യങ്ങളുടെ യുദ്ധത്തിനെതിരേ എക്കാലത്തും രംഗത്തുവന്നിട്ടുള്ള ട്രംബ് ബി-2 ബോംബറുകള്‍ അയച്ചു പിന്തുണയ്ക്കുകയാണുണ്ടായത്. ഇത് നെതന്യാഹുവിനു സ്വന്തം രാജ്യത്തു മൂല്യം കുതിച്ചുയരാനും സഹായിച്ചു.
പക്ഷേ, അധികം വൈകാതെ തന്റെ മുന്നറിയിപ്പുകളും വിലക്കുകളും ലംഘിച്ചെന്നു പറഞ്ഞു ട്രംപ് ഇറാനും ഇസ്രായേലിനും എതിരേ ഒരുപോലെ രംഗത്തുവന്നു. ജൂലൈയില്‍ ഡമാസ്‌കസില്‍ ഇസ്രയേല്‍ നടത്തിയ ബോംബിംഗിനെ അപലപിക്കുകപോലും ചെയ്തു. ഏറ്റവുമൊടുവില്‍ ഖത്തറില്‍ ആക്രമണം നടത്തിയതിനു ശേഷമാണ് ഇസ്രയേല്‍ ട്രംപിനെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കയ്ക്കു വേണമെങ്കില്‍ ഇസ്രയേല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞേക്കും. പക്ഷേ, നെതന്യാഹു തന്റെ രാജ്യത്തിന്റെ താത്പര്യത്തിനപ്പുറം പോകാന്‍ തയാറായേക്കില്ലെന്ന് പശ്ചിമേഷ്യയിലെ മുന്‍ യുഎസ് ഇന്റലിജന്‍സ് ഓഫീസറായ ജോനാതന്‍ പാനിക്കോഫ് ചൂണ്ടിക്കാട്ടുന്നു.







