‘ഒരായിരം നന്ദി, യമ്മി സ്വന്തമാണെന്നു സമ്മതിച്ചതിന്, വെള്ളടത്ത് മുഹമ്മദ് സ്വന്തം ബിനാമിയാണെന്ന് സമ്മതിച്ചതിന്’; പി.കെ. ഫിറോസിന് വീണ്ടും മറുപടിയുമായി കെ.ടി. ജലീല്‍; സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിച്ച് അണികളും

മലപ്പുറം: കെ.ടി ജലീല്‍ എംഎല്‍എ പാലക്കാട് കൊപ്പത്തെ യമ്മി ഫ്രൈഡ് ചിക്കന്‍ കടയിലെത്തി ഭക്ഷണം കഴിച്ചതിന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഇട്ട പോസ്റ്റിനു മറുപടിയുമായി വീണ്ടും ജലീല്‍. ‘ഒരായിരം നന്ദി: പട്ടാമ്പിക്കടുത്ത കൊപ്പത്തെ “Yummi Fried Chicken” ഷോപ്പ് തൻ്റേതാണെന്ന് (പി.കെ ഫിറോസിൻ്റേതാണെന്ന്) സമ്മതിച്ചതിന് എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം. തിരുനാവായക്കാരൻ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിനും നന്ദി എന്ന കുറിപ്പിനൊപ്പം എന്‍ബി ആയി വീണ്ടും ചില കാര്യങ്ങള്‍ കൂടി ജലീല്‍ പറയുന്നു.
NB-കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിൻ്റെ നനവ് ഞാനാ ഷോപ്പിൻ്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. “ധോത്തി ചാലഞ്ചിൽ” പററിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നിൽക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു എന്നു കൂടി പരിഹാസരൂപേണ ചേര്‍ത്താണ് ജലീലിന്‍റെ പോസ്റ്റ്.
കഴിഞ്ഞ ദിവസം ജലീൽ നടത്തിയ വാർത്താസമ്മേളനത്തിൽ കൊപ്പത്തെ ‘യമ്മി’ ഷോപ്പിൽ ഫിറോസിന് ഷെയറുണ്ട് എന്ന് ആരോപിച്ചിരുന്നു. അവിടത്തെ യൂത്ത് ലീഗുകാരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നും ഫിറോസിന് ഗൾഫിലെ കമ്പനിയിൽ ജോലിയുണ്ടെന്നും ജലീല്‍ ആരോപിച്ചിരുന്നു, യൂത്ത് ലീഗ് നടത്തിയ ദോത്തി ചലഞ്ചിൽ വൻ അഴിമതി നടന്നു എന്ന ഗുരുതരമായ ആരോപണങ്ങളും ജലീൽ ഉന്നയിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് ഇരുവരും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
‘നന്ദി, വന്നതിനും ഭക്ഷണം കഴിച്ച് അഭിപ്രായം അറിയിച്ചതിനും. NB: ബിസിനസിൽ രാഷ്ട്രീയമില്ല, രാഷ്ട്രീയത്തിൽ ബിസിനസും’- എന്ന കുറിപ്പോടുകൂടിയായിരുന്നു ജലീലിന്റെ ഭക്ഷണം കഴിക്കുന്ന ചിത്രം മണിക്കൂറുകള്‍ മുന്‍പ് ഫിറോസ് പങ്കുവച്ചത്.
ജലീല്‍ തുടര്‍ച്ചയായി ഗുരുതര ആരോപണങ്ങളാണ് ഫിറോസിനെതിരേ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റില്‍ ദോത്തി ചാലഞ്ചില്‍ വാങ്ങിയ മുണ്ടിന്റെ യഥാര്‍ഥ ബില്‍ പുറത്തുവിടണമെന്നായിരുന്നു ആവശ്യം. ആ പോസ്റ്റ് ഇങ്ങനെ:
മുസ്ലിംയൂത്ത് ലീഗ് നടത്തിയ ദോതി ചാലഞ്ചില്‍ 600 രൂപക്ക് കൊടുത്ത തുണി കമ്പനിയില്‍ നിന്ന് വാങ്ങിയതിന്റെ GST ഉള്‍പ്പടെയുള്ള 2,72,000 മുണ്ടിന്റെ മൊത്തം തുക അടങ്ങുന്ന ബില്ലിന്റെ കോപ്പി സംസ്ഥാന യൂത്ത്‌ലീഗ് ഉടന്‍ പുറത്തു വിടണം.
പല യൂത്ത് ലീഗു കാരും 200 രൂപക്ക് തുണി ചോദിച്ച് വിളിക്കുന്നുണ്ട്. 200 രൂപ ഇല്ല 180 രൂപയേ ഉള്ളൂ എന്ന ഒരു കരക്കമ്പികേട്ടു. അങ്ങിനെയെങ്കില്‍ 20 രൂപ ഞാന്‍ അധികം വാങ്ങി എന്ന ആക്ഷേപം ഉയരും. അതൊഴിവാക്കാന്‍ തുണി വാങ്ങിയതിന്റെ യഥാര്‍ത്ഥ ബില്ല് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം സാമൂഹ്യ മാധ്യമങ്ങളിലൂടെയോ ‘ചന്ദ്രിക’ പത്രത്തിലൂടെയോ പ്രസിദ്ധപ്പെടുത്തിയാല്‍, ഒരു ‘ദോതി ചാലഞ്ച്’ പഴയ യൂത്ത് ലീഗ് സെക്രട്ടറിക്കും നടത്താമല്ലോ?
പി.കെ ഫിറോസിന് ഗള്‍ഫിലും നാട്ടിലും പങ്കാളിത്തമുള്ളതും ബിനാമിയെ വെച്ച് നടത്തുന്നതുമായ എല്ലാ ബിസിനസ് സംരഭങ്ങളെ തേടിയും അന്വേഷണ ഏജന്‍സികള്‍ എത്തും. ഫണ്ട് മുക്കി കുഴിച്ചിട്ട പണം ഏതു മരുഭൂമിയിലാണെങ്കിലും അടിവേരോടെ മാന്തി പുറത്തെടുക്കും. ഫിറോസിന്റെ പാര്‍ട്ട്ണര്‍മാര്‍ വേഗം തടി സലാമത്താക്കി കൊള്ളുക. അല്ലെങ്കില്‍ നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയത് പോലും കാക്ക കൊത്തിപ്പോകും! കാക്കച്ചി കൊത്തിപ്പോകും.
ഫിറോസിന്റെ പിതാവ് പല കച്ചവടവും നടത്തിയിട്ടുണ്ട് എന്നത് ശരിയാകാം. പക്ഷെ ഒന്നും ക്ലച്ച് പിടിച്ചില്ല. ഇപ്പോള്‍ സ്വസ്ഥം, ഗൃഹഭരണം. കച്ചവടം നഷ്ടത്തില്‍ കലാശിച്ച പിതാവിന്റെ മകന്‍ എങ്ങിനെയാണ് നിരവധി ബിസിനസുകളില്‍ ഷെയര്‍ ഹോള്‍ഡര്‍ ആവുക? അയാള്‍ എങ്ങിനെയാണ് ലക്ഷപ്രഭുവാവുക?
ആ ‘വിരുത്’ ഒന്നു പറഞ്ഞു തന്നാല്‍ നാട്ടിലെ ഒരുപാട് പൊളിറ്റിക്കല്‍ റീലന്‍മാര്‍ക്കും കപടന്‍മാരായ വിരുതന്‍മാര്‍ക്കും അത് സഹായകമാകും. സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കിയാല്‍ വിരണ്ടു പോകുന്ന ആളല്ല ഈയുള്ളവന്‍. സംശയമുണ്ടെങ്കില്‍ പഴയ കുറ്റിപ്പുറത്തെ ലീഗുകാരോട് ചോദിച്ചാല്‍ മതി.






