Breaking NewsIndiaLead NewsLife StyleNEWSNewsthen SpecialpoliticsTechTRENDINGWorld

മടങ്ങിയെത്തുന്നോ ടിക് ടോക്ക്; ഒഴിവുകളിലേക്ക് ജീവനക്കാരെ ക്ഷണിച്ച് കമ്പനി; മോദി ചൈനയില്‍ എത്തിയതിനു പിന്നാലെ നീക്കങ്ങള്‍; അലി എക്‌സ്പ്രസ് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകളുടെ കാര്യത്തിലും പ്രതീക്ഷ

ബീജിംഗ്: ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ നിയമനങ്ങള്‍ തുടങ്ങിവച്ച് കമ്പനി. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമല്ല.

ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്. ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിരോധിക്കുന്നത്. 59 ചൈനീസ് ആപ്പുകളാണ് അന്ന് ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടി നിരോധിച്ചത്.

Signature-ad

നിരോധനത്തിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്സൈറ്റ് ഭാഗികമായി ആക്സസ് ചെയ്യാന്‍ കഴിയുന്നതായി കുറച്ച് ഉപയോക്താക്കള്‍ വ്യക്തമാക്കിയിരുന്നു.

ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്കുളള ഒഴിവുകള്‍ കണ്ടന്റ് മോഡറേറ്റര്‍ (ബംഗാളി സ്പീക്കര്‍), വെല്‍ബീയിംഗ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം എന്നീ തസ്തികകളാണ്. ടിക് ടോക്കിലെ ഉള്ളടക്കം നിരീക്ഷിക്കുകയും ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുക എന്നതാണ് കണ്ടന്റ് മോഡറേറ്ററുടെ ജോലി. ടിക് ടോക്കിന്റെ പ്രാദേശിക ടീമുകളുടെ ക്ഷേമ സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആഗോള നയങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന റോളാണ് വെല്‍ബീയിംഗ് ചുമതല. പുതിയ തൊഴില്‍ അവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കമ്പനി ഇന്ത്യയില്‍ താമസിയാതെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രാരംഭ നടപടികളായാണ് കരുതുന്നത്.

ടിക് ടോക്ക് നിരോധനം പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടില്ല എന്നു കഴിഞ്ഞയാഴ്ചയും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ടിക് ടോക്കിന്റെ നിരോധനം നീങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. ടിക് ടോക്കിന് ഇപ്പോഴും ഇന്ത്യയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. വിലക്ക് നീങ്ങിയെന്ന തരത്തിലുള്ള പ്രസ്താവനയിലും വാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

ടിക് ടോക്കിന്റെ വെബ്സൈറ്റ് ലഭ്യമാണെങ്കിലും ഹോം പേജ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് പേജുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിലും ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്റര്‍നെറ്റ് സേവനദാതാക്കളും ടിക് ടോക്കിനും വെബ്സൈറ്റിനും വിലക്ക് തുടരുന്നുണ്ട്.

ടിക് ടോക്കും അലി എക്സ്പ്രസും ഉള്‍പ്പടെ 59 ആപ്പുകളാണ് 2020 ജൂണ്‍ 15 ന് ഇന്ത്യ നിരോധിച്ചത്. മാല്‍വെയറുകളും സ്പൈ വെയറുകളും പ്രവചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നുവെന്നും സ്വകാര്യത ലംഘിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

 

Back to top button
error: