ടിബറ്റില്‍ അപൂര്‍വ സന്ദര്‍ശനം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്; ടിബറ്റന്‍ ബുദ്ധമതത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദേശം; ദലൈലാമയെക്കുറിച്ച് പരാമര്‍ശിക്കാതെ പ്രസംഗം

ബെയ്ജിങ്: ടിബറ്റില്‍ അപൂര്‍വ സന്ദര്‍ശനം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. ചൈനീസ് സ്വയംഭരണ പ്രദേശമായി ടിബറ്റ് മാറിയതിന്റെ 60-ാം വാര്‍ഷികത്തിലായിരുന്നു ഷിയുടെ സന്ദര്‍ശനം. ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ സ്വീകരിക്കാനെത്തിയ 20,000 ജനങ്ങളെ അഭിസംബോധന ചെയ്ത ഷി ടിബറ്റന്‍ ബുദ്ധമതം മാറേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം ടിബറ്റില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത ആത്മീയ നേതാവ് ദലൈലാമയെക്കുറിച്ച് പ്രസംഗത്തില്‍ എവിടെയും ചൈനീസ് പ്രസിഡന്റ് പരാമര്‍ശിച്ചിരുന്നില്ല. ചൈനീസ് പ്രസിഡന്റായ ശേഷം ഇത് രണ്ടാമത്തെ തവണയാണ് ഷി ടിബറ്റില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. 2021 ലായിരുന്നു ഷി ചിന്‍പിങ്ങിന്റെ ആദ്യ ടിബറ്റന്‍ സന്ദര്‍ശനം.
ടിബറ്റിന്റെ വികസനം ഉറപ്പാക്കാനും വികസനം സാധ്യമാക്കുവാനും രാഷ്ട്രീയ, സാമൂഹിക സ്ഥിരതയും വംശീയ ഐക്യം നിലനിര്‍ത്തുകയുമാണ് ആവശ്യമെന്ന് ഷി പറഞ്ഞു. ടിബറ്റില്‍ ചൈനീസ് സര്‍ക്കാര്‍ വമ്പന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചൈനീസ് പ്രസിഡന്റ് സന്ദര്‍ശനത്തിന് എത്തിയത്.






