ആവേശക്കമ്മിറ്റിക്കാര്‍ പൊറുക്കണം, ഞാന്‍ നിങ്ങള്‍ക്കൊപ്പമല്ല; ‘ഭാവനയ്ക്ക് ഒപ്പം നില്‍ക്കില്ലെന്ന് പരസ്യ നിലപാടെടുത്ത ശ്വേത, അവളുടെ ചെറുത്തു നില്‍പിനെതിരേ സ്കിറ്റ് അവതരിപ്പിച്ചത് കുക്കു, ദിലീപിനെ കെട്ടിപ്പിടിച്ചു കരഞ്ഞ ലക്ഷ്മി’: ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കൊച്ചി: അമ്മയുടെ തെരഞ്ഞെടുപ്പിനൊടുവില്‍ പ്രസിഡന്റ് പദവിയിലടക്കം സ്ത്രീകള്‍ എത്തിയത് ആഘോഷമാക്കി മാധ്യമങ്ങള്‍. ആണുങ്ങള് അടക്കി ഭരിച്ച മേഖലയിലെ സ്ത്രീ മുന്നേറ്റമായിട്ടും ഇനി അടിമുടി മാറ്റങ്ങളുണ്ടാകുമെന്നും പറയുന്നവരെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച. ഭാവനയെന്ന പെണ്‍കുട്ടി തുടങ്ങിവച്ച പോരാട്ടത്തിന്റെ ഇടയില്‍ അവരെ അപമാനിക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും പാഴാക്കത്തവരാണ് ഇപ്പോള്‍ തലപ്പത്ത് എത്തിയതെന്നും ആവേശക്കമ്മിറ്റിക്കാര്‍ ദയവായി പൊറുക്കണമെന്നും പറഞ്ഞ് രാഷ്ട്രീയ നിരീക്ഷകന് പ്രേം കുമാര്‍ എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.
പോസ്റ്റിന്റെ പൂര്‍ണരൂപം
ആവേശക്കമ്മറ്റിക്കാര്‍ ദയവായി പൊറുക്കണം.
എ.എം.എം.എ.യുടെ തലപ്പത്ത് നാലുപെണ്ണുങ്ങള്‍ ചെന്നെത്തിയെന്ന വാര്‍ത്തയില്‍
സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനം കാണുന്ന മുഴുവന്‍ സുഹൃത്തുക്കളും ദയവായെന്നോട് പൊറുക്കണം. ഞാന്‍ നിങ്ങള്‍ക്കൊപ്പമില്ല തന്നെ. ഭാവനയെന്ന അഭിമാനിനിയായൊരു പെണ്ണ് തുടങ്ങിവെച്ച ചെറുത്തുനില്‍പ്പിന് ഒടുവിലാണിന്ന് നാലുപെണ്ണുങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അക്കാലത്ത്, ആ നേരത്ത് സിനിമയിലെ പെണ്ണുങ്ങള് മൂന്നു ടീമുകളായാണ് നിന്നിരുന്നത്.
ധീരകളായ കുറച്ചുപേര്‍ എല്ലാം ത്യജിച്ച് അവള്‍ക്കൊപ്പം നിന്നു. സത്യമറിഞ്ഞെന്നാലും തുറന്നുപറയാനും നിലപാടെടുക്കാനും ധൈര്യമില്ലാതിരുന്ന പലര് മിണ്ടാതിരുന്നു.
പേരുകൊണ്ടും ജീവിതം കൊണ്ടും പെണ്ണായിരുന്നിട്ടും റേപ്പിസ്റ്റിനൊപ്പം നിന്ന്, ചെറുക്കുന്ന പെണ്ണിനെ തോല്‍പ്പിക്കാന്‍, പരിഹസിക്കാനിറങ്ങിപ്പുറപ്പെട്ടു വേറെ ചിലര്‍.
മൂന്നാം കൂട്ടത്തില്‍പ്പെട്ട നാലുപെണ്ണുങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ ആവേശം വന്നാഘോഷിക്കുന്ന നിങ്ങള്‍ക്കൊപ്പമില്ല ഞാന്‍. ആവേശക്കമ്മറ്റിക്കാര്‍ ദയവായി പൊറുക്കണം.
ഭാവനയ്ക്കൊപ്പം നില്‍ക്കില്ലെന്ന് പരസ്യനിലപാടെടുത്ത, ഇതെല്ലാം ഫ്രെയിംഡ് സ്റ്റോറീസ് ആണെന്ന് പറഞ്ഞ കലാകാരിയാണ് ശ്വേതാ മേനന്. റേപ്പിസ്റ്റിനൊപ്പം നിന്ന എ.എം.എം.എ. നേതൃത്വത്തെ ഗ്രില്‍ ചെയ്ത കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരെ നോക്കിയലറിയവിളിച്ച ഇതേ നിലപാടുതന്നെയെടുത്ത ആണ്‍കൂട്ടത്തിനൊപ്പം വേദിയില്‍ നിന്ന ഒരേയൊരു കലാകാരിയാണ് കുക്കു പരമേശ്വരന്. അടുത്ത കൊല്ലം അവളുടെ ചെറുത്തുനില്പിനെ അസഹനീയമായ നിലയില്‍ പരിഹസിക്കുന്നൊരു നാറിയ സ്കിറ്റ് അവതരിപ്പിച്ച പെണ്ണുങ്ങളുടെ ലീഡറായിരുന്നവര്.
ദിലീപ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞ് വൈറലായ കലാകാരിയാണ് ലക്ഷിപ്രിയ. അവളുടെ ചെറുത്തുനില്‍പ്പുകള്‍ നടക്കുന്ന കാലത്ത് ബാലതാരമായിരുന്നെങ്കിലും ഇന്‍ഡസ്ട്രിയെ സംബന്ധിച്ച കാര്യങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയ നാള് മുതല്‍ ഇന്നലെവരെ പരാതിപ്പെടുന്ന പെണ്ണുങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത്, സെക്സ്പ്ലോയിറ്റേഴ്സിനൊപ്പം നില്ക്കുന്ന കലാകാരിയാണ് അന്‍സിബ.
ഇവരിലാരെങ്കിലും നാളെ മുതല്‍ നല്ല നിലപാടുകളെടുത്താല്‍ ഇവര്‍ക്കൊപ്പം നില്ക്കും ഞാനും. ഇവരിലാര്ക്കെങ്കിലുമെതിരെ ഏതെങ്കിലും അനീതിയുണ്ടായാല്‍ ഇവര്‍ക്കൊപ്പം നില്ക്കും ഞാനും. ഇതുവരെയുള്ള നിലപാടുകള്‍ കണ്ട്, സ്ത്രീ മുന്നേറ്റത്തിന്റെ സീനാണിതെന്ന് കരുതാന്‍ നിര്‍വാഹമില്ല. ആണ്‍കോയ്മ കൊടികുത്തിവാഴുന്നൊരു ലോകത്ത് പേരിനാണെന്നാലും പെണ്ണുങ്ങള് അധികാരത്തില്‍ വരുന്നത് നല്ല കാര്യമാണെന്ന തോന്നല്‍ തിരിയാതെയല്ല, അംഗീകരിക്കാതെയല്ല.
എതിര്ത്തിരുന്നവരോ നിവൃത്തികേടുകൊണ്ട് മിണ്ടാതിരുന്നവരോ ആയവരാണങ്ങനെ വരുന്നതെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. പക്ഷേ, ജന്മം കൊണ്ടും ശീലം കൊണ്ടും അങ്ങനെയായിപ്പോയ ആണ്കൂട്ടങ്ങളോളമോ അതിലേറെയോ അതേ ബോധം ഉള്ളിലാവാഹിച്ചു നടക്കുന്ന, കിട്ടിയ നേരത്ത് അതെടുത്തുവീശി ‘മാതൃകയായ’ പെണ്ണുങ്ങളാണ് അധികാരത്തില്‍ വരുന്നതെന്നാല്‍ അതാഘോഷിക്കുന്നത് ഒന്നാലോചിച്ചാവുന്നത് നല്ലതാവും. എളുപ്പം പറഞ്ഞാല്‍, ശോഭാ സുരേന്ദ്രന് ബി.ജെ.പി.പ്രസിഡണ്ടായാല്‍, സ്ത്രീവിമോചനമെന്ന പേരില്‍ അതാഘോഷിക്കാന്‍ ആര് പോയാലും ഞാനില്ലപ്പാ. ആവേശക്കമ്മറ്റിക്കാര്‍ ദയവായി പൊറുക്കണം.
പ്രേംകുമാര്‍.
premkumar facebook post against amma election






