സുരേഷ് ഗോപിക്കെതിരെ പൊലീസ് അന്വേഷണം; സഹോദരന് ഇരട്ട വോട്ട്, തൃശൂരും കൊല്ലത്തും

കൊല്ലം: കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുരേഷ് ഗോപിയുടെ സഹോദരന് സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന വിവരമാണ് പുറത്തു വന്നത്. കുടുംബവീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്ത് സുഭാഷ് ഗോപിയുടെ വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്തോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. സുരേഷ് ഗോപി തൃശൂരിലേക്കു വോട്ടു മാറ്റിയതില്‍ വിവാദമുയര്‍ന്നതിനു പിന്നാലെയാണ് സഹോദരനെതിരെ ഇരട്ട വോട്ട് ആരോപണവും.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തതില്‍ അന്വേഷണം നടത്തും. വോട്ടു മാറ്റിയത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചു കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എന്‍.പ്രതാപന് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്.ഇളങ്കോയ്ക്കു പരാതി നല്‍കിയിരുന്നു. പരാതി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് നിയമോപദേശം തേടുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്തു സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉള്‍പ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗത്തിലൂടെയാണ് തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ 115ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചേര്‍ത്തതെന്ന് പരാതിയില്‍ പറയുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളു.
പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറില്‍ സ്ഥിര താമസക്കാരാണ്. തിരുവനന്തപുരം കോര്പറേഷന് ശാസ്തമംഗലം ഡിവിഷനില്‍ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകള്‍ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേപടി തുടരുന്നെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കും.






